Tuesday, November 29, 2016

ആന്റണിയും, പരീക്കറും, പിന്നെ പാകിസ്താനും!

കഴിവുകെട്ട ആന്റണിയും മൻമോഹൻ സിങ്ങുമൊക്കെ രാജ്യം ഭരിച്ചിരുന്നപ്പോൾ പാക്കിസ്ഥാൻ നമ്മുടെ പട്ടാളക്കാരെ നിയന്ത്രണരേഖയിൽ വെച്ച് ആക്രമിച്ചു കൊന്നതും, 26/11 നു യാതൊരു സംരക്ഷണവുമില്ലാത്ത സിവിലിയന്മാരെ മുംബൈയിൽ  ആക്രമിച്ചതും മറ്റും നാമെല്ലാം ഓർക്കുന്നു!

എന്നാൽ ഇന്ന് കാര്യങ്ങളാകെ മാറി. 

സർജിക്കൽ സ്ട്രൈക്ക് പോലുള്ള കടിച്ചാൽ പൊട്ടാത്ത വാക്കുകൾ നാം കേട്ട് തുടങ്ങി. IIT ക്കാരൻ പരീക്കറും സ്വയം പ്രഖ്യാപിത ചായക്കടക്കാരൻ മോഡിജിയും ഒക്കെ രാജ്യം ഭരിക്കുന്നതിനാൽ പാക്കിസ്ഥാൻ വളരെ മാറി. ഇന്ന് അവർ  കടുത്ത സുരക്ഷയുള്ള പട്ടാള ക്യാമ്പുകൾ മാത്രമേ അക്രമിക്കാറുള്ളു!  പത്താൻകോട്, ഉറി, നാഗ്‌രോത്ത (ഈ ലിസ്റ്റ് ഇവിടെ അവസാനിക്കും എന്ന് പ്രതീക്ഷിക്കട്ടെ, അകാലത്തിൽ മരിച്ചു വീഴുന്ന പട്ടാളക്കാർക്കുവേണ്ടി). 

പക്ഷെ ആന്റണിയെ തെറി വിളിച്ച പോലെ പരീക്കറെ വിളിക്കാൻ വരട്ടെ! ആന്റണിക്ക് അറിയില്ലായിരുന്നു എപ്പോൾ എവിടെ പാക്കിസ്ഥാൻ നുഴഞ്ഞു കയറുമെന്ന്! എന്നാൽ പരീക്കർ സാബിനോട് ചോദിക്കാതെ ഇന്ത്യയിലേക്ക് കടന്നു നമ്മെ ആക്രമിക്കാൻ ഒരു പാകിസ്ഥാൻകാരനും ധൈര്യമില്ല. സംശയമുണ്ടോ? താഴെ കൊടുത്ത ട്വിറ്റർ മെസ്സേജ് നോക്കൂ!



ഇതാണ്ടാ മോഡി ജി... ഇത് താൻഡാ പരീക്കർ... 

P.S.: ആക്രമണത്തിൽ മരിച്ച എല്ലാ പട്ടാളക്കാർക്കും ഈ മുൻ പട്ടാളക്കാരന്റെ സല്യൂട്ട്! 

Friday, November 4, 2016

അടിയന്തരാവസ്ഥ


പരമോന്നത കോടതി പരിഭവം പറയുന്നു; ജഡ്ജിമാരെ നിയമിക്കാത്തതിനാൽ കോടതികൾ അടച്ചു പൂട്ടുന്ന അവസ്ഥയെക്കുറിച്ചു.

ഭരണകൂടം, ഇപ്പോൾ ഒരു ദിവസത്തേക്കാണെങ്കിലും, വാർത്ത ചാനലുകളെ അടച്ചുപൂട്ടുന്നു; തങ്ങൾക്കു ഇഷ്ടപ്പെടാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന്!

മുഖ്യമന്ത്രിമാർ പോലും പരസ്യമായി കൊലപാതകങ്ങളെ ന്യായീകരിക്കുന്നു; വിചാരണ തടവുകാരെ തീറ്റിപ്പോറ്റുന്നതിലും നല്ലതു അവരെ എൻകൗണ്ടർ ചെയ്യുന്നതത്രെ!

കേന്ദ്രമന്ത്രി പറയുന്നു, അധികാരികളെയും പോലീസിനെയും ചോദ്യം ചെയ്യുന്ന സംസ്കാരം നല്ലതല്ലത്രെ!

ആത്മഹത്യ ചെയ്ത പട്ടാളക്കാരന്റെ കുടുംബത്തെ കാണുന്നത് പോലും അപരാധമാവുന്നു; പോലീസ് ഒരു മുഖ്യമന്ത്രിയെപ്പോലും തടവിലാക്കുന്നു!

ഇതൊക്കെ തന്നെയല്ലേ അടിയന്തരാവസ്ഥയും നമ്മോടു പറഞ്ഞത്?!
ഇതൊക്കെ തന്നെയല്ലേ അടിയന്തരാവസ്ഥയുടെ അടയാളങ്ങൾ? 

നമുക്ക് ഈ അടയാളങ്ങളെ മറക്കാം! 
എന്തെന്നാൽ, നമ്മുടെ പ്രധാനമന്ത്രി അടിയന്തരാവസ്ഥയെക്കുറിച്ചു ചിന്തിച്ചുകൊണ്ടേ ഇരിക്കാൻ പറഞ്ഞത് 
ഇനി ഒരു പ്രധാനമന്ത്രിക്കും അത് ആവർത്തിക്കാൻ കഴിയാതിരിക്കാൻ മാത്രമാണ്!

Sunday, October 9, 2016

പട്ടാളക്കാർ മഹാശ്ചര്യം, നമുക്കും കിട്ടണം വോട്ട്!

പട്ടാളക്കാരെ ചുളുവിൽ സുഖിപ്പിക്കുന്നതിൽ മത്സരിക്കുകയാണ് Whatsup ഉം Facebook ഉം Twitter ഉം എല്ലാം!
യാതൊരു ചിലവുമില്ലാതെ, ഒരു പട്ടാളക്കാരനെ സല്യൂട്ട് അടിച്ചു ദേശസ്നേഹം പ്രകടിപ്പിക്കാം. കൂടാതെ മറ്റുള്ളവരെക്കൊണ്ടു നമ്മുടെ പോസ്റ്റുകൾ retweet, share, like ചെയ്യിക്കാനുള്ള സുവർണാവസരവും ഇത്തരം പട്ടാളസ്നേഹ പോസ്റ്റുകൾ നൽകുന്നു. Retweet, share, like ചെയ്യാത്തവരെ രാജ്യദ്രോഹികൾ ആയി ചിത്രീകരിച്ചാൽ പ്രത്യേകിച്ചും!

സാധാരണക്കാർ അങ്ങിനെ ഒക്കെ ചെയ്യുന്നത് മനസിലാക്കാം, എന്നാൽ രാജ്യത്തിൻറെ സർക്കാർ തന്നെ അങ്ങിനെ ചെയ്താലോ?
പട്ടാളക്കാർ ജീവൻ പണയം വെച്ച് ചെയ്ത ഒരു ഓപ്പറേഷന്റെ പേരിൽ നാടായ നാട് മുഴുവൻ ഫ്ലക്സ് ബോർഡ് വെച്ചു വോട്ട് തേടുന്നവർ പട്ടാളക്കാരോട് യഥാർത്ഥത്തിൽ ചെയ്യുന്നത് അറിയുമ്പോൾ ആശ്‌ചര്യം തോന്നും!

ഒരു റാങ്കിന് ഒരു പെൻഷൻ എന്ന പേര് പറഞ്ഞു അവരെ പറ്റിച്ചു…അതിനെ ചോദ്യ ചെയ്തു ഡൽഹിയിലെ ജന്തർ മന്ദറിൽ സമരം ചെയ്ത 
വിമുക്തഭടന്മാരെ പോലീസിനെ വിട്ടു ആക്രമിച്ചു, ഒപ്പം സാമൂഹ്യ മാധ്യമങ്ങളിൽ അവരെ കരിവാരി തേച്ചു!

എല്ലാ കേന്ദ്ര ജീവനക്കാരും ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ആനുകൂല്യങ്ങൾ വാങ്ങിക്കഴിഞ്ഞു
എന്നാൽ, പാവം പട്ടാളക്കാർക്ക് മാത്രം ഇതുവരെ ഒന്നും കിട്ടിയിട്ടില്ല!
കമ്മീഷന്റെ റിപ്പോർട്ടിലെ പക്ഷപാതപരമായ തീരുമാനങ്ങൾ അംഗീകരിക്കാൻ സേനാമേധാവികൾ തയ്യാറാവാത്തത് തന്നെ കാര്യം.

സർജിക്കൽ സ്‌ട്രൈക്കിന്റെ പേരിൽ നാട് മുഴുവൻ ഊറ്റം കൊണ്ടതിന്റെ തൊട്ടടുത്ത ദിവസമാണ് 
പട്ടാളക്കാരുടെ ഡിസേബിലിറ്റി പെൻഷൻ കുറച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്!

നമ്മുടെ ബഹുമാനപ്പെട്ട രാജ്യരക്ഷ മന്ത്രി പറഞ്ഞത് അദ്ദേഹം അവരെ പഠിപ്പിക്കുന്നതുവരെ ഇന്ത്യൻ പട്ടാളക്കാർക്ക് അവരുടെ ശക്തിയെക്കുറിച്ചു അറിവില്ലായിരുന്നു പോലും; ഹനുമാനെപ്പോലെ!
അല്ലെങ്കിലും കച്ചവടക്കാർ പട്ടാളക്കാരെക്കാർ സാഹസം ചെയ്യേണ്ടിവരുന്നു എന്ന് വിശ്വസിക്കുന്ന ഒരു പ്രധാനമന്ത്രിയുടെ കാലമല്ലേ
അപ്പോൾ ഇത്രയൊക്കെ മതി എന്നാവും...

പിന്നെ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ഉറക്കെ ഒരു സല്യൂട്ടും, രണ്ടു Whatsup മെസ്സേജും! 

ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.......


Friday, September 16, 2016

സൗമ്യ കേസിലെ വിധി: ഒരു അവലോകനവും അല്പം സ്വയം വിമർശനവും


അങ്ങിനെ സൗമ്യ കേസിലെ അന്തിമ വിധിയും വന്നു. റിവ്യൂ പെറ്റീഷൻ എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഈ വിധി വായിക്കുമ്പോൾ, അത് മാറാനുള്ള സാധ്യത വളരെ ചുരുക്കം തന്നെ എന്നാണ് തോന്നുന്നത്. ബ്രേക്കിംഗ് ന്യൂസിനായി ഓടി നടക്കുന്ന TV ചാനലുകൾ മുതൽ നാട്ടിലെ ചായക്കടകളിൽ പോലും എല്ലാവരും സുപ്രീം കോടതിയുടെ വിധിയെ തങ്ങളാലാവുന്ന പോലെ വിശകലനം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിലെത്ര പേർ വിധി പ്രസ്താവം ഒന്ന് വായിച്ചു നോക്കുവാനും കോടതിക്ക് പറയുവാനുള്ളത് എന്തെന്ന് നോക്കാനും തയ്യാറായി എന്നത് ഒരു വലിയ ചോദ്യം തന്നെ ആണ്. 

എന്തായാലും ഞാൻ ആ വിധി (താല്പര്യമുള്ളവർക്ക് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം) ഒന്ന് വായിച്ചു നോക്കി. അപ്പോൾ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ ഇവിടെ കുറിക്കട്ടെ. പിടിച്ചുപറി, മോഷണം തുടങ്ങിയ ചെറിയ കുറ്റങ്ങളെ (കീഴ്‌ക്കോടതികൾ അവയ്ക്കു നൽകിയ ശിക്ഷ ശരിവച്ച നിലയ്ക്ക് പ്രത്യേകിച്ചും) മാറ്റിനിർത്തിയാൽ ഈ കേസിൽ പ്രധാനമായുള്ളതു ബലാത്കാരവും കൊലപാതകവും ആണ്. അതിൽ തന്നെ ബലാത്ക്കാരത്തെക്കുറിച്ചു സുപ്രീം കോടതി പറഞ്ഞതിങ്ങനെ:

.....സെക്ഷൻ 376 IPC  പ്രകാരമുള്ള ശിക്ഷ ശരിവക്കുന്നതിനു ഒരു പ്രയാസവും ഞങ്ങൾ കാണുന്നില്ല. പ്രത്യേകിച്ചും മേല്പറഞ്ഞ കുറ്റം (ബലാത്ക്കാരം) നടത്തിയത് മാരകമായ മുറിവുകൾ പറ്റിയ ശരീരത്തിൽ ആണെന്നത് പരിഗണിക്കുമ്പോൾ, ഞങ്ങളുടെ കാഴ്ചപ്പാടിൽ, IPC 376 പ്രകാരമുള്ള കുറ്റം ചെയ്തു എന്നുമാത്രമല്ല, മറിച്ചു അത് ചെയ്തത് തികച്ചും ക്രൂരവും ഭീഭത്സവും ആയ വിധത്തിൽ ആണെന്നതും വിചാരണ കോടതി നൽകിയതും ഹൈക്കോടതി ശരിവച്ചതും ആയ ജീവപര്യന്തം തടവ് എന്ന ശിക്ഷയെ ന്യായീകരിക്കുന്നതാണ്... (ഖണ്ഡിക 13).

പിന്നെയുള്ളത് കൊലപാതകക്കുറ്റം. സൗമ്യയുടെ മരണകാരണങ്ങൾ ആയി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയതു തലയിലേറ്റ രണ്ടു വിധം മുറിവുകളും ആ മുറിവുകൾ സംഭവിച്ചശേഷം ബലാത്ക്കാരം ചെയ്യാനായി മലർത്തി കിടത്തിയത് കൊണ്ട് സംഭവിച്ചതായി കരുതാവുന്ന (ശ്വാസനാളങ്ങളിൽ രക്തം നിറഞ്ഞതിനാൽ) മസ്തിഷ്ക്കത്തിനേറ്റ ക്ഷതവുമാണ്.  തലയ്ക്കു പിന്നിലേറ്റ ഒന്നാമത്തെ മുറിവിന് ഉത്തരവാദി പ്രതി തന്നെയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ രണ്ടാമത്തെ മുറിവുകൾ ട്രെയിനിൽ നിന്നും വീണപ്പോൾ ഉള്ളതാണ് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് രേഖപ്പെടുത്തിയത്. 

അപ്പോൾ, സൗമ്യയെ പ്രതി ട്രെയിനിൽ നിന്നും തള്ളിയിട്ടതാണ് എന്ന് തെളിയിച്ചാൽ മാത്രമേ പ്രതിയെ ആ മുറിവുകൾക്കു ഉത്തരവാദി ആക്കാൻ പറ്റൂ. പ്രതി തള്ളിയിട്ടു എന്നതിന് ആരും സാക്ഷികൾ ഇല്ല. സാഹചര്യ തെളിവുകൾ മാത്രമാണ് പ്രോസിക്യൂഷന് സഹായമായിട്ടുള്ളത്. മറിച്ചു രണ്ടു സാക്ഷിമൊഴികളിൽ പറഞ്ഞത് പെൺകുട്ടി സ്വയം ചാടിയതാണ് എന്നാണ്. അത് കൊണ്ടാണത്രേ അവർ സംഭവം കണ്ടിട്ടും ചങ്ങല വലിച്ചു ട്രെയിൻ നിർത്താതിരുന്നത് (പെൺകുട്ടി സ്വയം ചാടിയത് ആയതിനാൽ ഒരു മധ്യവയസ്‌കൻ അവരെ അതിൽ നിന്നും പിന്തിരിപ്പിച്ചു എന്നാണ് മൊഴി).  അതിനാൽ കോടതി ഇങ്ങിനെ രേഖപ്പെടുത്തുന്നു:

......പ്രതിക്കെതിരായി വരുന്ന സാഹചര്യങ്ങൾ സാക്ഷിമൊഴികളുമായി തട്ടിച്ചു നോക്കേണ്ടതും അങ്ങിനെ ചെയ്യുമ്പോൾ എത്തിച്ചേരുന്ന നിഗമനം മറ്റെല്ലാ നിഗമനങ്ങളുടെയും സാധ്യതകളെ ഇല്ലാതാക്കേണ്ടതും ആണ്. മറ്റെല്ലാ സാധ്യതകളെയും നിരാകരിക്കുന്ന വിധത്തിൽ അങ്ങിനെ ഒരു നിഗമനത്തിൽ (അതായതു പ്രതി തന്നെയാണ് തള്ളിയിട്ടത് എന്ന്) എത്തിച്ചേരാൻ മേൽവിവരിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ കഴിയില്ല എന്നതാണ് ഞങ്ങളുടെ സുചിന്തിതമായ കാഴ്ചപ്പാട്.. (ഖണ്ഡിക 16).

എന്നുവച്ചാൽ, സാഹചര്യത്തെളിവുകൾ ഒന്നിൽ കൂടുതൽ നിഗമനങ്ങളിൽ എത്താനുള്ള സാധ്യത നിലനിർത്തുന്നു എന്നതിനാൽ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കുന്നു എന്ന് സാരം. 

അടുത്തത്, മസ്തിഷ്ക്കത്തിനേറ്റ ക്ഷതം. മുറിവ് പറ്റിയ ഇരയെ ബലാത്ക്കാരത്തിനായി മലർത്തി കിടത്തിയാൽ ശ്വാസനാളത്തിൽ രക്തം നിറയാൻ ഇടയാവും എന്നും അത് മസ്തിഷ്കത്തിന് തകരാറുസംഭവിക്കുന്നതിനു കാരണം ആവും എന്നതു ഒരു സാധാരണ അറിവല്ല, മറിച്ചു മെഡിക്കൽ രംഗത്ത് പരിശീലനം ലഭിച്ചവർക്ക് മാത്രം ഉണ്ടാവാൻ സാധ്യതയുള്ള ഒരു അറിവാണ്. പ്രതി ഗോവിന്ദച്ചാമിക്ക് അത്തരം ഒരു അറിവ് ഉണ്ട് എന്നും തെളിയിക്കപ്പെട്ടിട്ടില്ല. അങ്ങിനെ മരണകാരണങ്ങളിൽ രണ്ടാമത്തെ മുറിവിനും മസ്തിഷ്കത്തിനേറ്റ തകരാറിനും പ്രതി ഉത്തരവാദി ആണെന്ന് നിസ്സംശയം തെളിഞ്ഞിട്ടില്ല എന്ന വസ്തുതയിലാണ് സുപ്രീം കോടതി എത്തിച്ചേർന്നത്.

കൊലപാതകക്കുറ്റത്തിന് ഒരാളെ ശിക്ഷിക്കണം എങ്കിൽ നമ്മുടെ ഇന്നത്തെ നിയമപ്രകാരം പ്രതിക്ക് (1) കൊല ചെയ്യാനുള്ള കുറ്റകരമായ ഉദ്ദേശ്യം ഉണ്ടായിരുന്നു എന്നോ, അല്ലെങ്കിൽ (2) തന്റെ പ്രവൃത്തി മരണത്തിനു കാരണം ആവും എന്ന അറിവുണ്ടായിരുന്നു എന്നോ അസന്നിഗ്ദ്ധം തെളിയിക്കേണ്ടത് അത്യാവശ്യമാണ്.  മേൽപ്പറഞ്ഞ പ്രകാരം തന്റെ പ്രവൃത്തി മരണത്തിനു കാരണം ആവും എന്ന അറിവ് പ്രതിക്ക് ഇല്ലായിരുന്നു. കൊല ചെയ്യാനുള്ള കുറ്റകരമായ ഉദ്ദേശ്യം ഉണ്ടായിരുന്നു എന്നതിനും തെളിവില്ല. സൗമ്യ മരിച്ചത് രണ്ടു ദിവസം കഴിഞ്ഞു ആശുപത്രിയിൽ വച്ചാണ് എന്നതും കൊല നടത്താനുള്ള ഉദ്ദേശ്യം ഇല്ലായിരുന്നു എന്ന നിഗമനത്തിൽ എത്തിച്ചേരാൻ കോടതിയെ പ്രേരിപ്പിച്ചു.  

എന്നാൽ ട്രെയിനിൽ അകത്തു വച്ച് നടന്ന ഒന്നാമത്തെ മുറിവിന് (തല ഭിത്തിയിൽ ഇടിച്ചപ്പോൾ ഉണ്ടായ മുറിവുകൾ) കുറ്റക്കാരൻ പ്രതി തന്നെ ആണെന്നും കോടതി കണ്ടെത്തി. അത് പ്രകാരം ആണ് പ്രതിക്ക് ഏഴു വർഷം (IPC 325 വകുപ്പ് പ്രകാരം) കഠിനതടവ് വിധിച്ചത്. പക്ഷെ ആ മുറിവ് മാത്രം കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കാൻ പര്യാപ്തമല്ല എന്നാണ് കോടതിയുടെ നിഗമനം.

നിയമവ്യവസ്ഥയോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു ഈ വിധി വായിക്കുന്ന ഒരാൾക്കും കോടതി നിരത്തിയ കണ്ടെത്തലുകളോട് എതിർപ്പ് ഉണ്ടാവില്ല. പലപ്പോഴും കോടതി വിധികൾ നമ്മുടെ വികാരങ്ങൾക്കും കാഴ്ചപ്പാടുകൾക്കും എതിരായിരിക്കും. ആ വികാരങ്ങളും കാഴ്ചപ്പാടുകളും ഉരുത്തിരിയുന്നത് അധികവും വികലമായ മാധ്യമ വിചാരണയുടെ അടിസ്ഥാനത്തിലും ആയിരിക്കും. എന്നാൽ കോടതികളുടെ ധർമ്മം പൊതുവികാരങ്ങളിൽ നിന്നും തികച്ചും സ്വതന്ത്രമായി, വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനങ്ങളിൽ എത്തിച്ചേരുക എന്നതാണ്. അത്തരം തീരുമാനങ്ങൾ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. ഇഷ്ടങ്ങൾക്കു അനുസരിച്ചു വിധി പറയാൻ കോടതി വേണ്ടല്ലോ, മറിച്ചു ആൾക്കൂട്ടങ്ങൾക്കു ചെയ്യാവുന്നതേ ഉള്ളൂ!

കോടതിയെ മാറ്റി നിർത്തി നമുക്കല്പം സ്വയം വിമർശനം ആയാലോ

1. സൗമ്യ എന്ന പെൺകുട്ടി ആരുമില്ലാത്ത ലേഡീസ് കംപാർട്മെന്റിൽ തനിച്ചു യാത്ര ചെയ്യാൻ തയ്യാറായ സാഹചര്യം എന്തായിരുന്നു? നിറയെ ആളുകൾ ഉള്ളതും തൊട്ടടുത്തുള്ളതും ആയ ജനറൽ കംപാർട്മെന്റ് എന്തെ ആ പെൺകുട്ടി ഒഴിവാക്കി? നമ്മുടെ സമൂഹത്തിലെ ഓരോ പുരുഷനും അവളെ അതിനു നിർബന്ധിക്കുകയായിരുന്നില്ലെ? 14 അല്ല 140 സെക്കൻഡുകൾ നീളുന്ന നമ്മുടെ തുറിച്ചു നോട്ടങ്ങളും ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെല്ലാം നമുക്ക് കൈകാര്യം ചെയ്യാനുള്ളതാണ് എന്ന നമ്മുടെ ധാർഷ്ട്യവും അല്ലെ ശരിക്കും ഗോവിന്ദച്ചാമിയെക്കാൾ ഉത്തരവാദി?

2. ഒരു പെൺകുട്ടി ട്രെയിനിൽ നിന്നും നിലവിളിക്കുന്നതും തുടർന്ന് പുറത്തേക്കു വീഴുന്നതും (ചാടിയതു തള്ളിയിട്ടതോ ഏതോ ആവട്ടെ) കണ്ടിട്ടും ഒന്ന് ചെയിൻ വലിച്ചു ട്രെയിൻ നിർത്താൻ പോലും തയ്യാർ ആവാതെ മരവിച്ച നമ്മുടെ സമൂഹത്തിനും ഇല്ലേ സൗമ്യയുടെ അന്ത്യത്തിൽ ഉത്തരവാദിത്വം? ഗോവിന്ദച്ചാമിയെ തൂക്കിലേറ്റാൻ ഉള്ള മുറവിളി നമ്മുടെ കുറ്റബോധത്തെ മറച്ചുവെക്കാൻ ഉള്ളതാണോ?

3. നമ്മുടെ നിയമം സംശയത്തിന്റെ ആനുകൂല്യം നൽകുന്നത് പ്രതിക്കാണ്. അതിനുള്ള കാരണം പലപ്പോഴും കേസുകളും തെളിവുകളും കൃത്രിമമായി ഭരണകൂടങ്ങൾ സൃഷ്ടിക്കുന്നു എന്നത് തന്നെയാണ്. കുറ്റാരോപിതരായ എല്ലാവരും തെളിവില്ലെങ്കിൽപ്പോലും ശിക്ഷിക്കപ്പെട്ടേ തീരു എന്നോ താൻ കുറ്റം ചെയ്തില്ല എന്ന് തെളിയിക്കേണ്ടത് പ്രതിയുടെ ഉത്തരവാദിത്വം ആണ് എന്നോ ആക്കി നമ്മുടെ നിയമങ്ങളെ മാറ്റാൻ നാം തയ്യാർ ആവുമോ? അല്ലാതെ, നിലവിലുള്ള നിയമങ്ങളുടെ ആനുകൂല്യം നമുക്ക് മാത്രം ലഭിക്കണം എന്നും മറ്റുള്ളവർക്ക് അത് ലഭിക്കരുത് എന്നും പറഞ്ഞാൽ അത് ശരിയാണോ

4. നിലവിലുള്ള നിയമപ്രകാരം വധശിക്ഷ വിധിക്കുന്നത് അപൂർവങ്ങളിൽ അപൂർവ്വമായിട്ടുള്ള കൊലപാതകങ്ങളിൽ മാത്രമാണ്. സൗമ്യയുടേത് വളരെ ദുഃഖകരം ആയ ഒരു സംഭവം തന്നെ ആയിരുന്നു എന്നത് സംശയം ഇല്ലാത്ത കാര്യം തന്നെ. എങ്കിലും അത്രയോ അതിലേറെയോ ദുഃഖകരമായ സംഭവങ്ങൾ നമ്മുടെ നാട്ടിൽ അനവധി ഉണ്ടായിട്ടുണ്ട്. 1984 ലെ സിഖ് കൂട്ടക്കൊല, 2002 ലെ ഗുജറാത്ത് വംശഹത്യ, കേരളത്തിലെ അടിക്കടിയുള്ള രാഷ്ട്രീയക്കുരുതികൾ - ഇതൊക്കെ ചില ഉദാഹരണങ്ങൾ മാത്രം. ഗോവിന്ദച്ചാമി ജീവപര്യന്തം തടവിൽ ആണ്. എന്നാൽ 1984 ലെയും 2002 ലെയും മറ്റും കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടു പോലും പുറത്തു വിലസി നടക്കുമ്പോൾ നമ്മുടെ ധാർമികരോഷം  എവിടെപ്പോവുന്നു?! ഒരു മുൻ പ്രധാനമന്ത്രിയെയും ഒരു മുഖ്യമന്ത്രിയെയും (ഒപ്പം നിരവധി ആളുകളെയും) ബോംബ് പൊട്ടിച്ചു കൊന്ന കൊടും ഭീകരരുടെ വധശിക്ഷ ഇളവ് ചെയ്യാൻ നിയമനിർമാണ സഭകൾ പ്രമേയം പാസ്സാക്കിയ നാടാണ് നമ്മുടേത്! 

5. പലരും പറയുന്നത് കേട്ടു, ഗോവിന്ദച്ചാമിയെ തൂക്കിലേറ്റാത്തതുകൊണ്ടു കേരളത്തിലെ സ്ത്രീകൾ ആക്രമിക്കപ്പെടുന്നത് ഇനിയും കൂടും എന്ന്! എനിക്ക് അവരോടു ചോദിക്കാൻ ഉള്ളത്, നിങ്ങളെ സ്വയം ബലാത്ക്കാരത്തിൽ നിന്നും കൊലപാതകത്തിൽ നിന്നും ഒക്കെ തടയുന്നതു തൂക്കിലേറ്റപ്പെടാം എന്ന ഭീതി മാത്രമാണോ?  അല്ലാതെ, അങ്ങിനെ ചെയ്യുന്നത് തെറ്റാണു എന്ന ബോധ്യം നിങ്ങളിൽ ഉള്ളത് കൊണ്ടല്ലേ? അപ്പോൾ നാം ചെയ്യേണ്ടത് കൂടുതൽ ആളുകളിൽ അത്തരം മൂല്യബോധം വളർത്തിയെടുക്കുക എന്നതല്ലേ

6. വധശിക്ഷയെപ്പറ്റി നമ്മുടെ ഓരോരുത്തരുടെയും അഭിപ്രായം എന്താണ്? അതും ആരാണ് കുറ്റവാളി എന്നുനോക്കി മാത്രം എത്തിച്ചേരുന്ന ഒന്നാണോ? ഒരുദാഹരണം പറയാം. CPI (M) എന്ന രാഷ്ട്രീയകക്ഷി വധശിക്ഷയെ എതിർത്ത് വരുന്നതാണ് നാം കാണാറ്. ഭീകരപ്രവൃത്തികളിൽ വധശിക്ഷക്ക് വിധേയരാക്കപ്പെട്ട അഫ്സൽ ഗുരുവിനെയും അജ്മൽ കസബിനെയും ശിക്ഷിക്കരുത് എന്ന് ആവശ്യപ്പെട്ട അതെ പാർട്ടി നേതൃത്വം നൽകുന്ന കേരള സർക്കാർ എന്തെ ഗോവിന്ദച്ചാമിയുടെ കാര്യത്തിൽ വധശിക്ഷ വേണം എന്ന് ആവശ്യപ്പെടുന്നത്

വ്യക്തിപരമായി ഞാൻ വധശിക്ഷയെ എതിർക്കുന്നു. വധശിക്ഷ സമൂഹത്തെ കുറ്റവാളികളുടെ നിരയിലേക്കും നീതിന്യായ പ്രക്രിയയെ പ്രതികാരത്തിലേക്കും തരം താഴ്ത്തുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. ഒപ്പം തന്നെ വധശിക്ഷ കുറ്റകൃത്യങ്ങൾ കുറയ്ക്കും എന്ന വിശ്വാസവും എനിക്കില്ല. കുറ്റം ചെയ്യുന്നവർ പിടിക്കപ്പെടാനുള്ള സാധ്യതയേയും ലഭിക്കാനിടയുള്ള ശിക്ഷയെയും കുറിച്ച് ചിന്തിച്ചു ഒരു തീരുമാനം എടുത്തിട്ടല്ല കുറ്റകൃത്യം ചെയ്യുന്നത്. ഞാനും നിങ്ങളും കുറ്റം ചെയ്യാതിരിക്കുന്നത് അങ്ങിനെ ചെയ്യുന്നത് തെറ്റാണു എന്ന ഉറച്ച മൂല്യബോധം മനസ്സിൽ അടിയുറച്ചതു കൊണ്ടാണ്. അതുകൊണ്ടുതന്നെ ഗോവിന്ദച്ചാമിയെ വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെ ഞാൻ സ്വാഗതം ചെയ്യുന്നു. സമൂഹത്തിനു ആപത്തായ ആ വ്യക്തിയെ പുറത്തു വിടാതെ നോക്കേണ്ടത് രാഷ്ട്രത്തിന്റെ കടമയാണെന്നും ഞാൻ വിശ്വസിക്കുന്നു. 

ആരെയും വേദനിപ്പിക്കാനോ വികാരങ്ങൾ വ്രണപ്പെടുത്താനോ അല്ല ഈ പോസ്റ്റ്. വളരെയേറെ ചിന്തിപ്പിച്ചതും ചർച്ച ചെയ്യപ്പെട്ടതും ആയ ഒരു സംഭവത്തോടുള്ള എന്റെ പ്രതികരണങ്ങൾ രേഖപ്പെടുത്തുക മാത്രമാണ്. അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നു. 


Thursday, September 8, 2016

സൗമ്യ കേസ് അപ്പീൽ - വികാരങ്ങളും തെളിവുകളും!

സൗമ്യയുടെ ക്രൂരമായ കൊലപാതകത്തിന് നാമെല്ലാം ഗോവിന്ദച്ചാമിയെ മനസ്സാലെ കുറ്റക്കാരൻ എന്ന് കണ്ടെത്തുകയും എത്രയോ പ്രാവശ്യം തൂക്കിലേറ്റുകയും ചെയ്തിരിക്കുന്നു. എന്നാൽ, നമ്മുടെ പരമോന്നത കോടതിയിലെ ന്യായാധിപന്മാർക്കു അങ്ങിനെ ചെയ്യാൻ കഴിയില്ല. അവരുടെ കടമ, കീഴ്‌ക്കോടതികൾ   ആരോപിതന് നൽകിയ ശിക്ഷ തെളിവുകളുടെ വെളിച്ചത്തിൽ നിയമപരമായി നിലനിൽക്കുന്നതാണോ എന്ന് പരിശോധിക്കുകയാണ്. അവർ അങ്ങിനെ ചെയ്യുമ്പോൾ പലപ്പോഴും നാം ആഗ്രഹിച്ച ശിക്ഷ ആരോപിതന് കിട്ടി എന്ന് വരില്ല. 

എല്ലാ കുറ്റങ്ങളിലും തെളിവുകൾ ഉണ്ടാവണം എന്നും അതെല്ലാം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിക്കൊള്ളണം എന്നുമില്ല. അതുകൊണ്ടു തന്നെ പലപ്പോഴും കുറ്റവാളികൾ രക്ഷപ്പെട്ടു എന്നും വരാം. എന്നിരുന്നാലും ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന തത്വം മുറുക്കെപ്പിടിക്കാൻ ഏതൊരു പരിഷ്‌കൃതസമൂഹത്തിലെയും കോടതികളും മാധ്യമങ്ങളും പൗരന്മാരും ഒരു പോലെ ബാധ്യസ്ഥരാണ്. അങ്ങിനെ അല്ല എന്ന് ആർക്കെങ്കിലും തോന്നുന്നു എങ്കിൽ ഒന്നു മാത്രം ചെയ്യുക- കുറ്റാരോപിതനായത് താൻ സ്വയം തന്നെ ആണ് എന്ന് സങ്കൽപ്പിച്ചു നോക്കുക (കുറ്റം ചെയ്തവർ മാത്രമല്ല കുറ്റാരോപിതർ ആവുന്നത് എന്നതിന് നമ്മുടെ മുന്നിൽ ധാരാളം ഉദാഹരങ്ങൾ ഉണ്ടെന്നും ഓർക്കുക). അപ്പോൾ കോടതികൾ തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കണോ അതോ മാധ്യമ വാർത്തകളുടെയും ഊതി വീർപ്പിച്ച വികാരങ്ങളുടെയും അടിസ്ഥാനത്തിൽ ശിക്ഷിക്കണോ എന്ന ചോദ്യത്തിന്റെ പ്രസക്തി ഓരോ വ്യക്തിക്കും മനസ്സിലാവും!

ഗോവിന്ദച്ചാമി സൗമ്യയെ കൊന്നത് നാമാരും കണ്ടിട്ടില്ല. നമ്മിൽ മഹാഭൂരിപക്ഷം പേരും കോടതിയുടെ മുന്നിലുള്ള വസ്തുതകളെയോ തെളിവുകളെയോ വായിക്കുക പോലും ചെയ്തിട്ടില്ല.  ഗോവിന്ദച്ചാമി അങ്ങിനെ ചെയ്തെന്നു നാം വിശ്വസിക്കുന്നത് വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രമാണ്- തികച്ചും വികാരപരമായ ഒരു വിശ്വാസം! എന്നാൽ  അങ്ങിനെ ചെയ്തെന്നു പ്രോസിക്യൂഷൻ പറയുമ്പോൾ അതിനു മതിയായ തെളിവ് ഹാജരാക്കേണ്ട ബാധ്യതയും അവർക്കുണ്ട്. അതിനു കഴിഞ്ഞില്ലെങ്കിൽ ഗോവിന്ദച്ചാമിയല്ല ആരായാലും അവർക്കു സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടതും അനിവാര്യം.

തെളിവുകൾക്കു പകരം, വികാരങ്ങളും വിശ്വാസങ്ങളും ശിക്ഷ വിധിക്കാൻ തുടങ്ങിയാൽ ഈ ലോകത്തു പകുതിപ്പേരും തൂക്കിക്കൊല ചെയ്യപ്പെട്ടേക്കാം! അതുകൊണ്ടു കോടതി തങ്ങളുടെ മുന്നിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനിക്കട്ടെ. ചാനൽ ചർച്ചക്കാരെക്കാൾ, മൈതാനപ്രാസംഗികരേക്കാൾ, തൂക്കിക്കൊല പോലുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിന് എന്തുകൊണ്ടും നല്ലതു ന്യായാധിപന്മാർ തന്നെ!



P.S:
കീഴ്‌ക്കോടതികൾ കുറ്റക്കാരൻ എന്ന് കണ്ടെത്തിയില്ലെ എന്ന സംശയം ഉന്നയിക്കുന്നവർ ഉണ്ടാവാം. ശരിയാണ്, പക്ഷെ പലപ്പോഴും കീഴ്‌ക്കോടതികൾ ഉള്ള തെളിവുകളെ ശരിയായി വിശകലനം ചെയ്യണം എന്നില്ല. ഒരു പക്ഷെ പൊതുജനാഭിപ്രായവും മാധ്യമ വിചാരണയും മറ്റു പ്രാദേശിക വിഷയങ്ങളും കീഴ്‌ക്കോടതികളുടെ വിധിയെ സ്വാധീനിച്ചു എന്നും വരാം. അങ്ങിനെ സംഭവിച്ച പ്രമാദമായ അക്ഷർധാം കേസിലെ വിധിയുടെ വിശകലനം (ഇംഗ്ലീഷിൽ ) വായിക്കാൻ താല്പര്യം ഉള്ളവർക്കായി ലിങ്ക് താഴെക്കൊടുക്കുന്നു.....


Monday, September 5, 2016

മദർ തെരേസയും സർക്കാർ ഓഫീസിലെ ഓണാഘോഷവും!


കൊൽക്കത്തയിലെ പാവങ്ങളുടെ അമ്മയായാണ് ജീവിച്ചതെങ്കിലും, തന്റെ ജീവിതത്തിലൂടെ മനുഷ്യർക്ക് ഒരു മാതൃക ആയി മാറിയെങ്കിലും, മരണശേഷം മദർ തെരേസയെ ഒരു വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ അത് വെറുമൊരു മതപരവും അന്ധവിശ്വാസപരവും ആയ ചടങ്ങു മാത്രമാണ്. ആ ചടങ്ങിന് കേരളത്തിലെ മന്ത്രിമാർ എന്തിനു പങ്കെടുത്തു എന്ന ചോദ്യം സ്വാഭാവികം (ഇന്ത്യയുടെ മന്ത്രിയും പങ്കെടുത്തല്ലോ എന്ന മറു ചോദ്യം പ്രതീക്ഷിക്കുന്നു. മതപരമായ ചടങ്ങുകളിൽ അത്തരം പങ്കാളിത്തം ആശാസ്യമല്ലെങ്കിലും ഡിപ്ലോമസിയുടെയും വിദേശനീതിയുടെയും ഒരു മറതുണി അതിനുണ്ടെന്നതിനാൽ തത്കാലം മാറ്റിവെക്കാം). 

പൊതു ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന ഈ മന്ത്രിമാർ ലീവ് എടുത്തു സ്വന്തം ചിലവിൽ ആണ് റോമിലേക്ക് പോയത് എങ്കിൽ അത് അവരുടെ വിശ്വാസസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നു പറയാം (വിശ്വാസമില്ലെന്ന് പുറമെ നടിക്കുന്നവർ ആണെങ്കിൽ  പോലും). പക്ഷെ വാർത്തകളിൽ കാണുന്നത് രണ്ടു മന്ത്രിമാർ പോയത് ഔദ്യോഗികമായി  കേരളത്തിനെയും കേരളസർക്കാരിനെയും പ്രതിനിധീകരിച്ചാണ് എന്നാണ്. അത് തികച്ചും അനാവശ്യമായ ഒരു കാര്യം തന്നെ. ഒരു സർക്കാർ ഓഫീസിൽ ഓണം പോലും പ്രവൃത്തി സമയത്തു ആഘോഷിക്കരുത് എന്ന് അരുൾ ചെയ്ത മന്ത്രിസഭയിലെ അംഗങ്ങൾ ആവുമ്പോൾ പ്രത്യേകിച്ചും!

ഇന്ത്യ ഇന്ന് കടന്നു പോവുന്നത് ഒരു വിഷമഘട്ടത്തിലൂടെ ആണ്. അത്യന്തം ആപൽക്കരമായ വിധത്തിൽ വർഗീയ വിഷം ജീവിതത്തിന്റെ എല്ലാ മേഖലകളിലും അടിച്ചേൽപ്പിക്കുന്ന ഒരു കാലഘട്ടം. ചെറിയ കാര്യങ്ങൾ പോലും ഊതി വീർപ്പിച്ചു തങ്ങളുടെ വർഗീയ അജണ്ട പരിപോഷിപ്പിക്കാൻ ആയുള്ള മാർഗമായി മാറ്റാൻ സംഘടിത ശക്തികൾ തന്നെ ഒരുമ്പെട്ടിറങ്ങുമ്പോൾ ഒരു മതേതര സർക്കാർ ചെയ്യേണ്ടത് അത്തരം കെണികളിൽ ചെന്ന് ചാടാതിരിക്കുക എന്നതാണ്. ഒരു സർക്കാർ ഓഫീസിൽ പ്രവൃത്തി ദിനത്തിൽ ഒരു പൂക്കളമോ സദ്യയോ ഒരുക്കിയത് കൊണ്ട് ഇവിടെ ആർക്കും ഒന്നും സംഭവിക്കില്ല. മറിച്ചു, അത് നാനാമതസ്ഥരായ ജീവനക്കാരിൽ സ്നേഹവും സാഹോദര്യവും വളർത്തിയെടുക്കാൻ ഉപകരിക്കുകയും ചെയ്യും. എന്നാൽ അത്തരം ഒരു ദേശീയ ആഘോഷം എന്തിന്റെ പേരിൽ ആയാലും നിഷേധിക്കുമ്പോൾ, അത് ദുരുപയോഗം ചെയ്യാൻ ഹിന്ദുത്വവാദികൾക്ക് അവസരം ഉണ്ടാക്കി കൊടുക്കൽ തന്നെ ആയി മാറുന്നു. 

അതേ സർക്കാരിന്റെ മന്ത്രിമാർ തികച്ചും മതപരം ആയ ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഒരു കാര്യവും ഇല്ലാതെ പൊതു ഖജനാവിലെ പണം മുടക്കി ഇത്രയും ദൂരെ പോവുമ്പോൾ നിലപാടുകൾ കൂട്ടിവായിക്കപ്പെടുന്നു. മദർ തെരേസയുമായി കേരളത്തിന് ഒരു പ്രത്യേക ബന്ധവും ഇല്ല. പിന്നെ എന്തിനു കേരളത്തിനെ പ്രതിനിധീകരിച്ചു മന്ത്രിമാർ പങ്കെടുക്കണം

റോമിലെ ചടങ്ങ് മദർ തെരേസയെ ബഹുമാനിക്കാനോ അംഗീകരിക്കാനോ മാത്രമായിരുന്നില്ല. മറിച്ചു അവരെ ഒരു മതത്തിന്റെ വിശുദ്ധയായ സന്യാസിയായും, മരണശേഷവും അത്ഭുതങ്ങൾ പ്രവൃത്തിക്കാൻ കഴിവുള്ള ഒരു ശക്തിയായും പ്രഖ്യാപിക്കുക ആയിരുന്നു. അത്തരം അന്ധവിശ്വാസങ്ങൾ മിക്കവാറും ഉപയോഗിക്കപ്പെടുന്നത് പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്യാനാണ് എന്നതും സർക്കാരിന് അറിയുന്ന കാര്യം തന്നെ അല്ലെ

ഭാരതത്തിന്റെയും കേരളത്തിന്റെയും ഇന്നത്തെ അവസ്ഥക്ക് നല്ലതു സർക്കാരുകൾ കഴിയുന്നതും ഇത്തരം വിശ്വാസപരമായ കാര്യങ്ങളിൽ നിന്നും ഔദ്യോഗികമായി എങ്കിലും വിട്ടുനിൽക്കുക എന്നതാണ്. പ്രത്യേകിച്ച് തീവ്ര ഹിന്ദുത്വ നിലപാടുകൾക്ക് എതിരെന്ന് അവകാശപ്പെടുന്ന പാർട്ടികൾ ഭരിക്കുന്ന സർക്കാരുകൾ ആവുമ്പോൾ. അല്ലെങ്കിൽ അത് ശിഥിലശക്തികളുടെ ന്യൂനപക്ഷ പ്രീണനമെന്ന വാദങ്ങൾക്ക് വളം വെച്ച് കൊടുക്കുന്നതിനു തുല്യമായിരിക്കും.  മദർ തെരേസയെ തെറിവിളിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ രണ്ടു നാളായുള്ള വലതുപക്ഷ അഴിഞ്ഞാട്ടം ശ്രദ്ധിച്ച ആർക്കും അത് മനസ്സിലാക്കാവുന്നതേ ഉള്ളൂ!


Tuesday, August 16, 2016

വായ്നോട്ടം ഒരു അവകാശമല്ല!

 നമ്മൾ മലയാളികളുടെ ഋഷിരാജ് സിംഗ് പ്രേമത്തിലെ വൈരുദ്ധ്യത്തെക്കുറിച്ചു ഞാൻ മുൻപേ എഴുതിയിട്ടുള്ളതാണ്. ഇപ്പോൾ ആ വൈരുധ്യം മറ നീക്കി പുറത്തു വരുന്നത് കൗതുകകരം ആണ്, ഒപ്പം ആശങ്ക ഉണർത്തുന്നതും!

ഋഷിരാജ് സിങ്ങിന്റെ ഒരു പ്രസംഗം വിവാദമായിരിക്കുകയാണല്ലോ. 14 സെക്കൻഡിൽ കൂടുതൽ ഒരു സ്ത്രീയെ തുറിച്ചു നോക്കിയാൽ ആ സ്ത്രീക്ക് തന്നെ തുറിച്ചു നോക്കിയ ആൾക്കെതിരെ കേസ് കൊടുക്കാൻ അവകാശം ഉണ്ട് എന്ന നിയമപരമായ ഒരു വാസ്തവം അദ്ദേഹം പറഞ്ഞതാണ് കുഴപ്പമായത്. അദ്ദേഹം ചൂണ്ടിക്കാട്ടിയ കാര്യം കേന്ദ്ര സർക്കാർ തന്നെ നിയമിച്ച ഒരു ഉന്നതാധികാര സമിതിയുടെ കണ്ടെത്തലുകളിൽ അടങ്ങിയതാണ് എന്നതും ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ പരിധിയിൽ വരുന്നതാണ് എന്നതും ശ്രദ്ധേയമാണ്. 

എങ്കിലും ആ പ്രസംഗത്തിന് എതിരായി വരുന്ന പ്രതികരണങ്ങൾ അത്ഭുതാവഹമാണ്. മിക്ക പ്രതികരണങ്ങളും ശ്രദ്ധിച്ചാൽ മനസ്സിലാവുക ഇതാണ്- ഒന്നുകിൽ, നമ്മളിൽ ഏറിയ പങ്കും ഒരു സാധാരണ നോട്ടത്തെയും അശ്ലീലച്ചുവയോ ഭീഷണിയോ നിറഞ്ഞ വായ്നോട്ടത്തെയും തിരിച്ചറിയാൻ പോലും കഴിയാത്ത അത്രയും നിഷ്കളങ്കർ ആണ്, അല്ലെങ്കിൽ അത്തരം വായ്നോട്ടം നാം ഒരു അവകാശമായി കാണുന്നു. രണ്ടായാലും മോശം തന്നെ എന്ന് പറയേണ്ടതില്ലല്ലോ?

സ്ത്രീകളുടെ ശരീരവും സൗന്ദര്യവും ഒരു പൊതുമുതൽ അല്ല എന്നും, അത് ആർക്കും, എപ്പോഴും, എവിടെ വെച്ചും, എങ്ങിനെയും ആസ്വദിക്കാനുള്ളതല്ല എന്നും ഉള്ള പ്രാഥമികമായ ബോധം നമുക്ക് ഉണ്ടെങ്കിൽ വായ്നോട്ടം ഒരു അവകാശം അല്ല എന്ന് തിരിച്ചറിയാൻ ഏറെ എളുപ്പമാണ്. 

ഇനി സാധാരണനോട്ടവും വായ്നോട്ടവും തിരിച്ചറിയാൻ പറ്റുന്നില്ല എങ്കിൽ, സ്വന്തം കാഴ്ചപ്പാട് അല്പം മാറ്റി ഇരയുടെ കണ്ണിലോടെ നോക്കാൻ ശ്രമിക്കൂ. സ്ത്രീയോ പുരുഷനോ ആരുമാവട്ടെ, ആർക്കാണ് തന്നെ മറ്റുള്ളവർ വെറുതെ തുറിച്ചു നോക്കുന്നത് ഇഷ്ടപ്പെടുക? നമ്മുടെ സ്വകാര്യതയിലേക്കു സമ്മതം കൂടാതെ ഇടിച്ചു കയറാൻ ആർക്കാണ് അവകാശം? ഇനിയും മനസ്സിലാവുന്നില്ലെങ്കിൽ അടുപ്പമുള്ള ഏതെങ്കിലും സ്ത്രീയുടെ അഭിപ്രായം ആരായൂ, അവർ കൃത്യമായി പറഞ്ഞു തരും എന്താണ് വ്യത്യാസം എന്ന്.  

ചിലരെങ്കിലും പ്രായോഗികതയെ കൂട്ട് പിടിക്കുന്നതും കണ്ടു. വായ്നോട്ടം എങ്ങിനെ തെളിയിക്കും എന്നതാണ് അവരുടെ ചോദ്യം. ശരിയാണ്- ബലാത്കാരം പോലും കോടതിയിൽ തെളിയിക്കാൻ ബുദ്ധിമുട്ടുന്ന ഈ നാട്ടിൽ വായ്നോട്ടം തെളിയിക്കാനും എളുപ്പമാവില്ല. അത് കൊണ്ട്  തന്നെയാവണം ഒരു പരിധിവരെയെങ്കിലും സ്ത്രീകളും പ്രതികരിക്കാതിരിക്കുന്നത്. പക്ഷെ, നമുക്കോരോരുത്തർക്കും ഉള്ള മനഃസാക്ഷിക്കോടതിയിൽ അത്തരം ബുദ്ധിമുട്ടുകൾ ഇല്ലല്ലോ? അവനവനു ശരിയല്ല എന്ന് തോന്നുന്നത് ചെയ്യാതിരുന്നാൽ തന്നെ നമ്മുടെ നാട് എത്ര നന്നാവും! 

ഒരു നോട്ടം, അല്ലെങ്കിൽ ഒരു വാക്ക്, ശരിയോ തെറ്റോ എന്നറിയാനും എളുപ്പവഴിയുണ്ട്. ഒരാൾ തന്റെ അമ്മയുമായോ, സഹോദരിയുമായോ, ഭാര്യയുമായോ, സുഹൃത്തുമായോ നടന്നു പോവുമ്പോൾ വഴിയരികിൽ ഇരുന്നു പറയുന്ന കമന്റുകളും നോട്ടങ്ങളും അയാൾക്ക്‌ സ്വീകാര്യമാണെങ്കിൽ ആ നോട്ടത്തിലോ വാക്കുകളിലോ പ്രശ്നമില്ല എന്ന് കണക്കാക്കാം. മറിച്ചു, തന്റെ കൂടെയുള്ള സ്ത്രീക്ക് അനുഭവപ്പെടാൻ തനിക്കു താല്പര്യമില്ലാത്ത എല്ലാ പെരുമാറ്റവും മറ്റു സ്ത്രീകളുടെ അടുത്തും ഒഴിവാക്കേണ്ടതാണ് എന്നും ഉറപ്പിക്കാം. ഇത്രയും ചെയ്യാൻ നാമോരോരുത്തരും തയ്യാറായാൽ തന്നെ, ഋഷിരാജ് സിംഗ് സൂചിപ്പിച്ച പ്രശ്നങ്ങളിൽ നിന്നും നമ്മുടെ സ്ത്രീകൾ മുക്തി നേടും. അല്ലാതെ, രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയുന്ന കുട്ടിയെ ആക്രമിച്ചത് കൊണ്ടോ ഭീഷണിപ്പെടുത്തിയത് കൊണ്ടോ സത്യം സത്യമല്ലാതാവുകയില്ല. 

കേരളത്തിലെ ഓരോ സ്ത്രീക്കും ഏതു സമയത്തും ഒറ്റക്കോ കൂട്ടത്തിലോ ധൈര്യമായി യാത്ര ചെയ്യാൻ ഉള്ള സാഹചര്യം ഉണ്ടാവട്ടെ. എന്നിട്ടു നമുക്ക് ഋഷിരാജ് സിംഗിനെ കളിയാക്കും. അതുവരെ, ഇംഗ്ലീഷുകാർ പറയുന്ന പോലെ the joke is on us!

Tuesday, August 2, 2016

പ്രധാനമന്ത്രി ആവാസ് യോജന (PMYA)


PMYA പദ്ധതിയുടെ ഗുണഭോക്താക്കൾ അറിയേണ്ട പ്രധാനകാര്യങ്ങൾ താഴെ ചേർക്കുന്നു. സ്വന്തമായി വീടില്ലാത്ത ആർക്കെങ്കിലും ഉപയോഗപ്രദം ആവട്ടെ എന്ന ആശയോടെ...

1. 2022- നകം നഗരങ്ങളിലെ ഏവർക്കും സ്വന്തം വീട് എന്ന ലക്ഷ്യത്തോടെ ഉള്ള പദ്ധതി.

2. നാലു വിഭാഗങ്ങളിൽ ആയിട്ടാണ് പദ്ധതി:                       
    (i) ചേരി യഥാസ്ഥാന പുനർനിർമാണം
    (ii) ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം
    (iii) പങ്കാളിത്ത പാർപ്പിട വികസനം
    (iv) സബ്സിഡി ബന്ധിത വ്യക്‌തിഗത ഭവന നിർമാണം/ വിപുലീകരണം

ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം

3. ഇന്ത്യയിൽ ഒരിടത്തും സ്വന്തമായി വീടില്ലാത്ത കുടുംബങ്ങൾക്കായി

4. കുടുംബം എന്നത് ഭർത്താവ്, ഭാര്യ, അവിവാഹിതരായ മക്കൾ ആണ്

5. വായ്പാസഹായം വീട് നിർമിക്കാനും വാങ്ങാനും ലഭിക്കും

നിബന്ധനകൾ

6. കുടുംബത്തിന്റെ വാർഷികവരുമാനം:
    3 ലക്ഷം വരെ (EWS): 30 ചതുരശ്ര മീറ്റർ വരെ
    6 ലക്ഷം വരെ (LIG):  60 ചതുരശ്ര മീറ്റർ വരെ (വേണമെങ്കിൽ കൂടുതൽ ഏരിയ ഉള്ള വീടും വെയ്ക്കാം)
   
(സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പ്രകാരം ഓരോ അംഗത്തിന്റെയും വരുമാനവും സ്രോതസ്സും ഉൾപ്പെടുത്തി പ്രായപൂർത്തിയായ എല്ലാ അംഗങ്ങളും ചേർന്ന് നൽകേണ്ടതും, ബാങ്കുകൾ അത് പരിശോധിച്ച് ബോധ്യപ്പെടേണ്ടതും ആണ്)

7. നഗരം ആയിരിക്കണം+ കക്കൂസ്, ഡ്രൈനേജ്, വെള്ളം, റോഡ് സൗകര്യം, വൈദ്യുതി എന്നിവ ലഭ്യമായിരിക്കണം

8. മുൻഗണന: EWS/LIG വിഭാഗത്തിൽ തന്നെ തോട്ടികൾ, സ്ത്രീകൾ നാഥകൾ ആയ കുടുംബങ്ങൾ, SC/ST, OBC, ന്യൂനപക്ഷങ്ങൾ, വികലാംഗർ, ഭിന്ന ലിംഗക്കാർ എന്നിവർക്ക് മുൻഗണന

9. വായ്പ സംഖ്യ: കുടുംബ വാർഷികവരുമാനത്തിന്റെ 4 മടങ്ങ് വരെ (ഉദാഹരണം: വാർഷിക വരുമാനം രൂപ 1 ലക്ഷം ഉള്ള കുടുംബത്തിന് കിട്ടാവുന്ന വായ്പ കൂടിയത് രൂപ 4 ലക്ഷം മാത്രം). 

10. പലിശ: പ്രയോറിറ്റി സെക്ടർ വായ്പകൾക്ക് സമാനം. 

11. സബ്‌സിഡി:  മൊത്തം പലിശയിൽ 6.5 % സബ്‌സിഡി ആയി കേന്ദ്ര സർക്കാർ ബാങ്കിലേക്ക് നേരിട്ട് നൽകും.
(ഉദാഹരണം: ബാങ്ക് പലിശ 13% ആണെങ്കിൽ സബ്‌സിഡി നിരക്ക് കഴിച്ചു 6.5% പലിശ ഗുണഭോക്താവ് നൽകണം)

(ഈ സബ്‌സിഡി 6 ലക്ഷം രൂപ വരെയും 15 വർഷം വരെയും മാത്രമേ ലഭിക്കൂ. കൂടുതൽ ഉള്ള തുകയ്‌ക്കോ കാലാവധിക്കോ സബ്‌സിഡി ലഭിക്കില്ല)

12. കാലാവധി: ബാങ്കിന്റെ തീരുമാനപ്രകാരം. സാധാരണയായി 15 വർഷം വരെ. 

13. അപേക്ഷ നൽകേണ്ടത്: ബന്ധപ്പെട്ട സർവീസ് ഏരിയ ബാങ്കിനോ അല്ലെങ്കിൽ നഗരസഭക്കോ നൽകണം. അർഹത നഗരസഭയും, വായ്പയും തിരിച്ചടവും ആയി ബന്ധപ്പെട്ട മറ്റുകാര്യങ്ങൾ ബാങ്കും തീരുമാനിക്കണം. 

14. എല്ലാ അംഗങ്ങൾക്കും ആധാർ, ബന്ധപ്പെട്ട ബാങ്കിൽ അക്കൗണ്ട് തുടങ്ങിയ കാര്യങ്ങൾ നിർബന്ധം.

15. വസ്തുവുമായി ബന്ധപ്പെട്ട ആവശ്യമായ രേഖകൾ എല്ലാം ഹാജർ ആക്കണം. വായ്പയിലൂടെ വാങ്ങിയ/ നിർമിച്ച വീട് ആയിരിക്കും വായ്പക്കുള്ള പ്രഥമ ഈട്.

16. പിഴവ്: തിരിച്ചടവിൽ 3 മാസത്തെ കുടിശ്ശിക വരുത്തിയാൽ ജപ്തി മുതലായ നടപടികൾ സ്വീകരിക്കാം. കൂട്ടത്തിൽ സബ്‌സിഡി തുകയും തിരിച്ചു പിടിക്കുന്നതായിരിക്കും. 

17. ബാങ്കിന്റെ വായ്പ സംബന്ധമായ മറ്റു നിബന്ധനകളും ബാധകം ആയിരിക്കും. 


Tuesday, July 26, 2016

വരമ്പത്തെ കൂലി..


ഇന്ത്യൻ നിയമത്തിൽ ആത്‌മരക്ഷക്കായി നടത്തുന്ന പ്രവൃത്തികൾക്ക് പ്രത്യേക സംരക്ഷണം നൽകിയിട്ടുണ്ട്. ചില സഖാക്കൾ കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂർ പ്രസംഗത്തെ ന്യായീകരിക്കാൻ ഈ സംരക്ഷണത്തിന്റെ കാര്യം പറയുന്നത് കേൾക്കാൻ ഇടയായി. എന്നാൽ കാര്യങ്ങൾ അങ്ങിനെ ആണോ? ഒന്നു പരിശോധിക്കാം!

ഇന്ത്യൻ ക്രിമിനൽ നിയമം സംരക്ഷിക്കുന്നത് തന്റെയോ തന്റെ അടുത്തവരുടെയോ ജീവന് ഭീഷണി ആയേക്കാവുന്ന അക്രമങ്ങളെ ചെറുക്കുന്നതിനുള്ള അവകാശത്തെ ആണ്. എന്നാൽ ഈ സംരക്ഷണം നിയന്ത്രണങ്ങൾ ഇല്ലാത്ത ഒരു അവകാശം അല്ല. ധാരാളം നിയന്ത്രണങ്ങൾക്ക് വിധേയമാണ് ആത്മരക്ഷ അഥവാ self-defense.  ആത്മരക്ഷ പ്രയോഗത്തിൽ വരുന്നത് ഒരാൾ വിചാരിച്ചിരിക്കാതെ ആക്രമിക്കപ്പെടുമ്പോൾ അയാളോ കൂടെ ഉള്ള ആളോ അത് തടയുന്നതിൽ മാത്രമാണ്. അങ്ങിനെ തടയുന്നതിനിടയ്ക്കു വരുന്ന കാര്യങ്ങൾ മാത്രമേ നിയമത്താൽ സംരക്ഷിക്കപ്പെടുന്നുള്ളൂ എന്ന് സാരം. 

കോടിയേരി ആഹ്വാനം ചെയ്യുന്നത് പോലെ ഉള്ള മുൻകൂട്ടി തെയ്യാർ ചെയ്തുള്ളതും സംഘം ചേർന്നുള്ളതും ആയ തിരിച്ചടികൾ അതിന്റെ കീഴിൽ വരില്ല.  ഒരു ആക്രമണം ഉണ്ടാവും എന്ന സൂചന ഉണ്ടെങ്കിൽ ഒരാൾ ചെയ്യേണ്ടത് പോലീസ് സംരക്ഷണം നേടുക എന്നതാണ്. അല്ലാതെ, സ്വന്തമായി ഗുണ്ടാ സംഘങ്ങൾ രൂപികരിച്ചു ആക്രമത്തെ ചെറുക്കാൻ തുടങ്ങിയാൽ അതിനു നിയമത്തിന്റെ സംരക്ഷണം കിട്ടില്ല. പ്രത്യേകിച്ചും, വയലിലെ ജോലിക്കു വരമ്പത്തു കൂലി കൊടുക്കാൻ നോക്കുമ്പോൾ! വരമ്പത്തെ കൂലി ആക്രമണം തടയാനല്ല മറിച്ചു പ്രതികാരം ചെയ്യാനും കണക്കു തീർക്കാനും വേണ്ടി ഉള്ളതാണ്. റിപ്പോർട്ടുകൾ അനുസരിച്ചു കോടിയേരി ആഹ്വാനം ചെയ്യുന്നത് ചെറുപ്പക്കാരെ പരിശീലനം കൊടുത്തു തയ്യാറാക്കി നിർത്താനാണ്. ആക്രമിച്ചാൽ തിരിച്ചടിക്കാൻ ആയിട്ടാണ് ഈ പരിശീലനം. 

വയലിലെ കുറ്റകൃത്യങ്ങൾക്ക് വരമ്പത് കൂലി കൊടുക്കാൻ ആണ് നമ്മുടെ സമൂഹം പോലീസ് സേനയെ ചെല്ലും ചെലവും കൊടുത്തു പോറ്റുന്നത്. പോലീസ് സേനക്കൊപ്പം ആഭ്യന്തര മന്ത്രിയുടെ ചെലവ് വഹിക്കുന്നതും സമൂഹം തന്നെ. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സെക്രട്ടറിക്കു പോലീസിന്റെ അങ്ങിനെ ചെയ്യാനുള്ള മനസ്സിലോ കഴിവിലോ സംശയം ഉണ്ടെങ്കിൽ ചെയ്യേണ്ടത് ആഭ്യന്തര മന്ത്രിയെ മാറ്റുക എന്നതാണ്. അല്ലാതെ കുട്ടി സഖാക്കളെ ആയുധ പരിശീലനം കൊടുത്തു ആക്രമണത്തിന് പകരം വീട്ടാൻ തയ്യാറാക്കുകയല്ല. 

ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വം തന്നെ പോലീസിന്റെ കഴിവിൽ സംശയം പ്രകടിപ്പിക്കുമ്പോൾ, സാധാരണ ജനങ്ങൾ എന്ത് ചെയ്യണം? അക്രമം വരുമ്പോൾ നിയമം സ്വയം കയ്യിൽ എടുക്കുകതന്നെ ആണോ വേണ്ടത്?  അല്ലെങ്കിൽ തന്നെ, ആക്രമണം വരുന്നത് വരെ എന്തിനു കാത്തിരിക്കണം? വരാൻ സാധ്യത ഉണ്ടെന്നു സ്വയം ബോധ്യം ഉണ്ടെങ്കിൽ പ്രത്യാക്രമണം നടത്തിക്കൂടേ? Offense is the best form of defense എന്നല്ലേ പ്രമാണം

ഒസാമ ബിൻ ലാദനും IS ഉം ഒക്കെ ചെയ്യുന്നതും ഇതല്ലേ? അവർക്കു അക്രമകാരികൾ എന്നു തോന്നുന്നവരെ അവർ തിരിച്ചു ആക്രമിക്കുന്നു! ഇറാഖിലും അഫ്ഘാനിസ്ഥാനിലും ഒക്കെ പാശ്ചാത്യരാഷ്ടങ്ങൾ ചെയ്തു എന്ന് അവർ കരുതുന്ന ആക്രമണങ്ങൾക്കു അവരുടെ തിരിച്ചടി! കഷ്ടം, അതിനാണ് ആ പാവങ്ങളെ നാം ഭീകരർ എന്നൊക്കെ വിളിക്കുന്നത്!

സംഘികൾ അവകാശപ്പെടുന്നത് ആക്രമണങ്ങൾ മുഴുവൻ തുടങ്ങുന്നത് CPM കാർ ആണെന്നാണ്. അവരും പോലീസിനെ വിട്ടു, സ്വയം തിരിച്ചടിക്കുക എന്ന നയം സ്വീകരിച്ചാൽ (ഇപ്പോൾ പ്രവൃത്തിയിൽ അങ്ങിനെ അല്ല എന്നല്ല സാരം) പിന്നെ ഇവിടെ എന്തിനു പോലീസ്? എന്തിനു നിയമ വാഴ്ച? TP വധക്കേസിൽ CBI അന്വേഷണം ആവശ്യപ്പെട്ടു നടക്കുന്ന RMP ക്കാരും ഈ നയം സ്വീകരിച്ചാൽ

കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന സമത്വ സുന്ദര കാടൻ നിയമം നമുക്ക് തിരിച്ചു പിടിക്കാം! കൂലി വരമ്പത്തു വെച്ച് തന്നെ തീർക്കാം! പിണറായി സഖാവ് ഇതൊന്നു നിയമം ആക്കി പാസ്സാക്കി തന്നെങ്കിൽ എല്ലാറ്റിനും ഒരു കൃത്യത വന്നേനെ!


P. S. കണ്ണിനു പകരം കണ്ണ് എന്ന നീതി നടപ്പാക്കിയാൽ ഈ ലോകം മുഴുവൻ അന്ധരെക്കൊണ്ടു നിറയും എന്ന് പറഞ്ഞ ആ മഹാത്മാവിനു മുന്നിൽ ഈ പോസ്റ്റ് സമർപ്പിക്കുന്നു!