Monday, September 5, 2016

മദർ തെരേസയും സർക്കാർ ഓഫീസിലെ ഓണാഘോഷവും!


കൊൽക്കത്തയിലെ പാവങ്ങളുടെ അമ്മയായാണ് ജീവിച്ചതെങ്കിലും, തന്റെ ജീവിതത്തിലൂടെ മനുഷ്യർക്ക് ഒരു മാതൃക ആയി മാറിയെങ്കിലും, മരണശേഷം മദർ തെരേസയെ ഒരു വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ അത് വെറുമൊരു മതപരവും അന്ധവിശ്വാസപരവും ആയ ചടങ്ങു മാത്രമാണ്. ആ ചടങ്ങിന് കേരളത്തിലെ മന്ത്രിമാർ എന്തിനു പങ്കെടുത്തു എന്ന ചോദ്യം സ്വാഭാവികം (ഇന്ത്യയുടെ മന്ത്രിയും പങ്കെടുത്തല്ലോ എന്ന മറു ചോദ്യം പ്രതീക്ഷിക്കുന്നു. മതപരമായ ചടങ്ങുകളിൽ അത്തരം പങ്കാളിത്തം ആശാസ്യമല്ലെങ്കിലും ഡിപ്ലോമസിയുടെയും വിദേശനീതിയുടെയും ഒരു മറതുണി അതിനുണ്ടെന്നതിനാൽ തത്കാലം മാറ്റിവെക്കാം). 

പൊതു ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന ഈ മന്ത്രിമാർ ലീവ് എടുത്തു സ്വന്തം ചിലവിൽ ആണ് റോമിലേക്ക് പോയത് എങ്കിൽ അത് അവരുടെ വിശ്വാസസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നു പറയാം (വിശ്വാസമില്ലെന്ന് പുറമെ നടിക്കുന്നവർ ആണെങ്കിൽ  പോലും). പക്ഷെ വാർത്തകളിൽ കാണുന്നത് രണ്ടു മന്ത്രിമാർ പോയത് ഔദ്യോഗികമായി  കേരളത്തിനെയും കേരളസർക്കാരിനെയും പ്രതിനിധീകരിച്ചാണ് എന്നാണ്. അത് തികച്ചും അനാവശ്യമായ ഒരു കാര്യം തന്നെ. ഒരു സർക്കാർ ഓഫീസിൽ ഓണം പോലും പ്രവൃത്തി സമയത്തു ആഘോഷിക്കരുത് എന്ന് അരുൾ ചെയ്ത മന്ത്രിസഭയിലെ അംഗങ്ങൾ ആവുമ്പോൾ പ്രത്യേകിച്ചും!

ഇന്ത്യ ഇന്ന് കടന്നു പോവുന്നത് ഒരു വിഷമഘട്ടത്തിലൂടെ ആണ്. അത്യന്തം ആപൽക്കരമായ വിധത്തിൽ വർഗീയ വിഷം ജീവിതത്തിന്റെ എല്ലാ മേഖലകളിലും അടിച്ചേൽപ്പിക്കുന്ന ഒരു കാലഘട്ടം. ചെറിയ കാര്യങ്ങൾ പോലും ഊതി വീർപ്പിച്ചു തങ്ങളുടെ വർഗീയ അജണ്ട പരിപോഷിപ്പിക്കാൻ ആയുള്ള മാർഗമായി മാറ്റാൻ സംഘടിത ശക്തികൾ തന്നെ ഒരുമ്പെട്ടിറങ്ങുമ്പോൾ ഒരു മതേതര സർക്കാർ ചെയ്യേണ്ടത് അത്തരം കെണികളിൽ ചെന്ന് ചാടാതിരിക്കുക എന്നതാണ്. ഒരു സർക്കാർ ഓഫീസിൽ പ്രവൃത്തി ദിനത്തിൽ ഒരു പൂക്കളമോ സദ്യയോ ഒരുക്കിയത് കൊണ്ട് ഇവിടെ ആർക്കും ഒന്നും സംഭവിക്കില്ല. മറിച്ചു, അത് നാനാമതസ്ഥരായ ജീവനക്കാരിൽ സ്നേഹവും സാഹോദര്യവും വളർത്തിയെടുക്കാൻ ഉപകരിക്കുകയും ചെയ്യും. എന്നാൽ അത്തരം ഒരു ദേശീയ ആഘോഷം എന്തിന്റെ പേരിൽ ആയാലും നിഷേധിക്കുമ്പോൾ, അത് ദുരുപയോഗം ചെയ്യാൻ ഹിന്ദുത്വവാദികൾക്ക് അവസരം ഉണ്ടാക്കി കൊടുക്കൽ തന്നെ ആയി മാറുന്നു. 

അതേ സർക്കാരിന്റെ മന്ത്രിമാർ തികച്ചും മതപരം ആയ ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഒരു കാര്യവും ഇല്ലാതെ പൊതു ഖജനാവിലെ പണം മുടക്കി ഇത്രയും ദൂരെ പോവുമ്പോൾ നിലപാടുകൾ കൂട്ടിവായിക്കപ്പെടുന്നു. മദർ തെരേസയുമായി കേരളത്തിന് ഒരു പ്രത്യേക ബന്ധവും ഇല്ല. പിന്നെ എന്തിനു കേരളത്തിനെ പ്രതിനിധീകരിച്ചു മന്ത്രിമാർ പങ്കെടുക്കണം

റോമിലെ ചടങ്ങ് മദർ തെരേസയെ ബഹുമാനിക്കാനോ അംഗീകരിക്കാനോ മാത്രമായിരുന്നില്ല. മറിച്ചു അവരെ ഒരു മതത്തിന്റെ വിശുദ്ധയായ സന്യാസിയായും, മരണശേഷവും അത്ഭുതങ്ങൾ പ്രവൃത്തിക്കാൻ കഴിവുള്ള ഒരു ശക്തിയായും പ്രഖ്യാപിക്കുക ആയിരുന്നു. അത്തരം അന്ധവിശ്വാസങ്ങൾ മിക്കവാറും ഉപയോഗിക്കപ്പെടുന്നത് പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്യാനാണ് എന്നതും സർക്കാരിന് അറിയുന്ന കാര്യം തന്നെ അല്ലെ

ഭാരതത്തിന്റെയും കേരളത്തിന്റെയും ഇന്നത്തെ അവസ്ഥക്ക് നല്ലതു സർക്കാരുകൾ കഴിയുന്നതും ഇത്തരം വിശ്വാസപരമായ കാര്യങ്ങളിൽ നിന്നും ഔദ്യോഗികമായി എങ്കിലും വിട്ടുനിൽക്കുക എന്നതാണ്. പ്രത്യേകിച്ച് തീവ്ര ഹിന്ദുത്വ നിലപാടുകൾക്ക് എതിരെന്ന് അവകാശപ്പെടുന്ന പാർട്ടികൾ ഭരിക്കുന്ന സർക്കാരുകൾ ആവുമ്പോൾ. അല്ലെങ്കിൽ അത് ശിഥിലശക്തികളുടെ ന്യൂനപക്ഷ പ്രീണനമെന്ന വാദങ്ങൾക്ക് വളം വെച്ച് കൊടുക്കുന്നതിനു തുല്യമായിരിക്കും.  മദർ തെരേസയെ തെറിവിളിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ രണ്ടു നാളായുള്ള വലതുപക്ഷ അഴിഞ്ഞാട്ടം ശ്രദ്ധിച്ച ആർക്കും അത് മനസ്സിലാക്കാവുന്നതേ ഉള്ളൂ!


No comments:

Post a Comment