Sunday, April 22, 2018

ഈ വധശിക്ഷ ആർക്ക്?

ബാലപീഡകർക്ക് വധശിക്ഷ എന്ന പുതിയ പരിഷ്കാരം അധികപേരും ആഘോഷിക്കുന്നതും സ്വാഗതം ചെയ്യുന്നതും കാണുമ്പോൾ ഞാനാകെ അത്ഭുതപ്പെടുകയാണ്!
ഇത്തരമൊരു പരിഷ്കാരത്തിന്റെ വരും വരായ്കകളെക്കുറിച്ച് നാം ശരിക്കും ബോധവാന്മാർ ആണോ?
ഒന്നാമത്, ശിക്ഷയെക്കുറിച്ച് ചിന്തിച്ചിട്ടാണോ ആരെങ്കിലും കുറ്റം ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും? അങ്ങനെ ആയിരുന്നെങ്കിൽ മരണശിക്ഷ കിട്ടാവുന്ന കൊലപാതകങ്ങൾ എപ്പൊഴേ അവസാനിക്കേണ്ടതല്ലേ?
നമ്മളിൽ എത്രപേർ ശിക്ഷയെ ഭയന്നു മാത്രമാണ് കുറ്റം ചെയ്യാതിരിക്കുന്നത് എന്ന് ആലോചിച്ചു നോക്കുക. ശരിതെറ്റുകളെ കുറിച്ചുള്ള ബോധമാണ് നമ്മെ കുറ്റകൃത്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നത് എന്നാണ് എന്റെ ഉറച്ച വിശ്വാസം. ശരിതെറ്റുകളെക്കുറിച്ചുള്ള ബോധം ഉണ്ടാക്കാൻ സഹായിക്കുന്നു എന്നതുമാത്രമാണ് ഒരു പ്രവൃത്തിയെ കുറ്റവൽകരിക്കുന്നതു കൊണ്ടുള്ള ഏക ഗുണം (ശിക്ഷിക്കുന്നതിലൂടെ സമൂഹത്തിന്റെ പ്രതികാരം നടപ്പാക്കുന്നു എന്നത് കുറ്റം തടയാൻ ഉപകരിക്കുന്നില്ല എന്നത് വ്യക്തമാണ്). ഒരു പ്രവൃത്തിയെ കുറ്റവൽകരിച്ചാൽപ്പോലും സമൂഹം അതിനെ മഹത്വവൽകരിച്ചാൽ ശിക്ഷയുടെ കാഠിന്യമൊന്നും കുറ്റവാളികളെ പിന്തിരിപ്പിക്കില്ല എന്നതിന് നമ്മുടെ നാട്ടിലെ രാഷ്ട്രീയ കൊലപാതകങ്ങൾ തന്നെ തെളിവല്ലേ?
ഇനി കൂടുതൽ അപകടകരമായ മറ്റൊരു കാര്യം. ചെറിയ കുട്ടികൾ വളരെയധികം ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന ഒരു സമൂഹമാണ് നമ്മുടേത്. പലപ്പോഴും അങനെ ചെയ്യുന്നത് ചോക്കലേറ്റും ടോഫിയുമായി വരുന്ന അങ്കിൾ മാരും ബന്ധുക്കളും ഒക്കെയാണ് താനും. അത്തരം ചൂഷണങ്ങൾ കുടുംബത്തിനുള്ളിലെ കറുത്ത രഹസ്യങ്ങളായി അവസാനിക്കുന്നത് മാറി, പുറത്തറിയാൻ തുടങ്ങിയത് അടുത്ത കാലത്ത് ഉണ്ടായ ബോധവൽകരണത്തിന്റെ ഗുണം തന്നെയാണ് (അത്തരമൊരു മാറ്റം കുട്ടികളുടെ നന്മയ്ക്ക് ഗുണപരമാണ് താനും). എങ്കിലും കുട്ടികളുടെ ജീവന് അത്തരം ചൂഷണങ്ങൾ വലിയ ഭീഷണി ആയിരുന്നില്ല. എന്നാൽ ഇനിയെന്താവും സ്ഥിതി?
കുട്ടികളുമായുള്ള ഏത് ലൈംഗിക ബന്ധവും (കുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോ) നിയമത്തിന്റെ കണ്ണിൽ ബലാത്സംഗം തന്നെയാണ്. കാരണം കുട്ടികൾക്ക് സമ്മതം നൽകാനുള്ള ശേഷി ഇല്ലെന്നതാണ് നമ്മുടെ നിയമം. അപ്പോൾ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ഏതൊരാളും ബലാത്സംഗം എന്ന് കുറ്റത്തിന് ശിക്ഷ അർഹിക്കുന്നു. അത്തരം ചൂഷണങ്ങൾക്കുള്ള ഏറ്റവും നിർണായകമായ ഒരു തെളിവ് ഇരയായ കുട്ടിയുടെ മൊഴി തന്നെയാവും. ആ മൊഴി തന്നെ തൂക്കൂകയറേറ്റാമെന്ന് ബോധ്യമുള്ള കുറ്റവാളി ചെയ്യാൻ ശ്രമിക്കുക കുട്ടിയെ ഇല്ലാതാക്കുക എന്നത് തന്നെയല്ലേ? പ്രത്യേകിച്ച് ആ കുട്ടിയെ കൊന്നാലും ഇല്ലെങ്കിലും കിട്ടാവുന്ന ശിക്ഷ മരണം തന്നെയാവുമ്പോൾ!
കൊല ചെയ്താൽ മരണശിക്ഷയും ബലാത്സംഗം മാത്രം ചെയ്താൽ മരണത്തിൽ കുറഞ്ഞ ശിക്ഷയും ആണെങ്കിൽ ഒരു കുറ്റവാളി (ശിക്ഷ നോക്കി കുറ്റം ചെയ്യുന്നവനാണ് എങ്കിൽ) നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളെ ജീവനോടെ വിടുകയെങ്കിലും ചെയ്യില്ലേ? അപ്പോൾ നമ്മുടെ ഈ പുതിയ പരിഷ്കാരം നമ്മുടെ കുഞ്ഞുങ്ങളെ കൂടുതൽ അപകടത്തിലേക്ക് തള്ളിവിടുകയല്ലേ ചെയ്യുന്നത്?
നമ്മുടെ നിയമവ്യവസ്ഥയിൽ ശിക്ഷാനിരക്ക് വളരെക്കുറവാണ് എന്ന സത്യവും നാം ഓർമിക്കണം. അതായത്, കുറ്റവാളി നിയമവ്യവസ്ഥയുടെ പഴുതുകളിലൂടെ രക്ഷപ്പെട്ടേക്കാമെങ്കിലും ഇരയുടെ ജീവന് അപകടം നാം ഉറപ്പുവരുത്തുന്നു!
മരണശിക്ഷ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആണെന്ന ഭരണകൂടത്തിന്റെ വിശ്വാസം നമ്മുടെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ജീവന് ഭീഷണി വർദ്ധിപ്പിക്കുകയല്ലേ യഥാർത്ഥത്തിൽ ചെയ്തത്?
ഒരു സ്ത്രീ ബലാത്സംഗം ചെയപ്പെടുമ്പോൾ അവളുടെ ജീവനേക്കാൾ വിലപ്പെട്ടത് അവളുടെ ഉടമയായ പുരുഷന്റെ അഭിമാനത്തിനേൽക്കുന്ന ക്ഷതമാണ് എന്ന തികച്ചും പുരുഷവർഗ്ഗാധിഷ്ഠിതമായ ബോധത്തിന്റെ പ്രതിഫലനം തന്നെയല്ലേ നാം കൊട്ടിഘോഷിക്കുന്ന ഈ പരിഷ്കാരം?!

No comments:

Post a Comment