Wednesday, September 13, 2017

അടർത്തിമാറ്റപ്പെടുന്ന പ്രസംഗങ്ങൾ..

BJP യുടെ IT Cell മേധാവി അമിത് മാളവ്യ NDTV യിലെ പത്രപ്രവര്‍ത്തകൻ രവീഷ് കുമാറിനെതിരെയും, കേരളത്തിലെ മാധ്യമങ്ങൾ ശശികലക്കെതിരെയും അവരുടെ പ്രസംഗങ്ങളിലെത്തന്നെ ഭാഗങ്ങൾ അടർത്തിയെടുത്ത് നടത്തിയ പ്രചരണം വളരെ അധികം ശ്രദ്ധ നേടിയിരിക്കുകയാണല്ലോ.

പ്രസംഗങ്ങളിൽ നിന്നും ചെറിയ ഭാഗങ്ങൾ അടർത്തിയെടുത്ത് തെറ്റായ അർത്ഥത്തിൽ പ്രചരിപ്പിക്കുന്നത് ഒരു പുതിയ പരിപാടിയല്ല. ഒരു പക്ഷെ ഏറ്റവും വിജയം നേടിയ അത്തരം ഒരു ശ്രമം രാജീവ് ഗാന്ധിയുടെ വൻമരം കടപുഴകുമ്പോൾ ഭൂമി കുലുങ്ങുന്നത് സ്വാഭാവികമാണ് എന്ന പ്രസംഗം ആയിരിക്കാം.

എന്തായിരുന്നു രാജീവ് ഗാന്ധിയുടെ അന്നത്തെ നിലപാട്? 1984 നവമ്പർ രണ്ടാം തിയ്യതി അദ്ദേഹം രാജ്യത്തിന് നൽകിയ സന്ദേശം ഇതായിരുന്നു:

"ചില ആളുകൾ വെറുപ്പിന്റെയും അക്രമത്തിന്റെയും രീതികളിൽ ഏർപ്പെട്ട് ഇന്ദിരാഗാന്ധിയുടെ ഓർമ്മയ്ക് മേൽ ചളി വാരിയെറിയുകയാണ്. ഇത് നിർത്തിയേ പറ്റൂ. ഈ അക്രമങ്ങൾ ദേശവിരുദ്ധ ശക്തികളെ മാത്രമേ സഹായിക്കുള്ളൂ. മതമൌലിക ഭ്രാന്ത്, ഇന്ത്യ എന്തിനൊക്കെ വേണ്ടിയാണോ നിലനില്‍ക്കുന്നത് അതിനെയൊക്കെ നശിപ്പിക്കും. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ എനിക്ക് അത് അനുവദിക്കാൻ കഴിയില്ല, അനുവദിക്കുകയുമില്ല."

പിന്നെ വൻമരത്തിന്റെ വീഴ്ച. ആ പ്രസംഗം നടത്തിയത് നവമ്പർ 19 ന്, ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ആയിരുന്നു. ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്ന് ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഉണ്ടായ ഇടർച്ച, ഇന്ത്യക്കാർക്കിടയിലെ ഒരുമയിൽ സംഭവിച്ച തകർച്ച, ഇതെല്ലാം വളരെ പെട്ടെന്ന് തന്നെ ദൂരീകരിച്ച് ഒരുമയുടെ വഴിയിലേക്ക് രാജ്യത്തെ തിരിച്ചെത്തിക്കാൻ സഹായിച്ച ജനങ്ങളോടുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഇനിയും ഒരുമിച്ച് തന്നെ മുന്നോട്ടു പോകാനുള്ള ആഹ്വാനം ആയിരുന്നു ആ പ്രസംഗം. അല്ലാതെ, ഒരു വിധത്തിലും 1984ലെ അക്രമങ്ങളെ ന്യായീകരിക്കുകയല്ല ആ പ്രസംഗം. രാജീവ്ഗാന്ധിയുടെ ആ പ്രസംഗം ഇതാ:

"ഇന്ദിരാജിയുടെ കൊലയെത്തുടർന്ന് നമ്മുടെ രാജ്യത്ത് കുറേ കലാപങ്ങൾ ഉണ്ടായി. നമുക്കറിയാം ഭാരതത്തിലെ ജനങ്ങൾ എത്ര മാത്രം ദേഷ്യത്തിലായിരുന്നു എന്ന്. കുറച്ചു ദിവസങ്ങളോളം ഇന്ത്യയുടെ അടിത്തറ ഇളകിയ പോലെ ആളുകള്‍ക്ക് തോന്നി. പക്ഷേ, ഒരു വൻമരം കടപുഴകി വീഴുമ്പോൾ ചുറ്റുമുള്ള ഭൂമി ഒന്നു കുലുങ്ങുന്നത് സ്വാഭാവികമാണ്. എന്നാൽ എങ്ങിനെയാണോ നിങ്ങൾ ആ കലാപങ്ങൾ അവസാനിപ്പിച്ചത്, എങ്ങിനെയാണോ നിങ്ങളുടെ സഹായത്തോടെ ഇന്ത്യയെ വീണ്ടും ഒരുമയുടെ പാതയിലേക്ക് തിരിച്ചു കൊണ്ട് വന്നത്, രാജ്യത്തിന് വീണ്ടും ഒരുമയോടെ നിൽക്കാൻ കഴിയുന്നത്, ഇന്ന് ലോകത്തിന് മുഴുവനും കാണാം ഇന്ത്യ ഒരു യഥാര്‍ത്ഥ ജനാധിപത്യമാണ് എന്ന്. ഇനിയും നമുക്ക് ഒരുമിച്ച് മുന്നേറണം. ഭാരതത്തെ ലോകത്തെ ഏത് ശക്തിയോടും കിടപിടിക്കുന്ന ശക്തിയാക്കി മാറ്റണം. നമുക്കൊരുമിച്ച് പണ്ഡിറ്റ്ജിയുടെ, ഇന്ദിരാജിയുടെ, ഇന്ത്യയിലെ പാവങ്ങളുടെ ജോലി ഏറ്റെടുത്തു പൂർത്തീകരിക്കാം."

ഈ വാക്കുകൾ എങ്ങിനെയാണ് അക്രമത്തെയോ വിഭാഗീയതെയോ ന്യായീകരിക്കുന്നതാണ് എന്നു പറയാൻ കഴിയുക? മറിച്ച്, ഒരുമയോടെ രാഷ്ട്ര നിർമ്മിതിക്കായുള്ള പ്രവൃത്തികളിൽ ഏർപ്പെടാൻ ഉള്ള ഉദ്ബോധനമല്ലേ?

1984 ലെ ലഹളകളിൽ കോണ്‍ഗ്രസ് സർക്കാറുകളുടെ നടപടികളെ ന്യായീകരിക്കുകയോ രാജീവ്ഗാന്ധിയെ വെള്ളപൂശുകയോ അല്ല ഈ പോസ്റ്റിന്റെ ലക്ഷ്യം. മറിച്ച് പ്രസംഗങ്ങളിൽ നിന്നും അടർത്തിയെടുത്ത ഭാഗങ്ങൾ കേൾപ്പിച്ച് നമ്മെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവരെ കണ്ണടച്ച് വിശ്വസിക്കാതെ ജാഗരൂകരായിരിക്കണമെന്ന ഒരു എളിയ ഓർമ്മപ്പെടുത്തൽ മാത്രം.

P. S. ഹിന്ദിയിലുള്ള രാജീവിന്റെ പ്രസംഗം ഇന്റർനെറ്റിൽ ലഭ്യമാണ്.

No comments:

Post a Comment