Saturday, November 23, 2019

നാമൊരു വിഡ്ഢിക്കൂട്ടം മാത്രമായി കഴിഞ്ഞോ?

The Telegraph പച്ചയായി തന്നെ പറഞ്ഞു. “We the Idiots.”


ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത് We the people എന്ന അടിസ്ഥാനത്തിലാണ്. എന്നാൽ മഹാരാഷ്ട്രയിൽ ഫഡ്നവിസിനെ മുഖ്യമന്ത്രി കസേരയിൽ പ്രതിഷ്ഠിക്കാൻ നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളും അവ അലങ്കരിക്കുന്ന വ്യക്തികളും നടപ്പിലാക്കിയ നാടകങ്ങൾ നാം ഒരു ജനതയല്ല മറിച്ച് വെറുമൊരു വിഡ്ഢിക്കൂട്ടം മാത്രമാണ് എന്ന കാഴ്ചപ്പാടിൽ അധിഷ്ഠിതമായി മാത്രമാണ് എന്ന് പറയാതെ വയ്യ.
രാത്രിയുടെ മറവിൽ ഭരണഘടനാ തത്വങ്ങളെ നോക്കുകുത്തിയാക്കി, രഹസ്യമായി പ്രതിഷ്ഠിച്ച സർക്കാർ വെറും ഇരുട്ടിന്റെ സന്തതിയാണ് എന്ന് പറയാതെ വയ്യ.
ഇത് പറയുമ്പോൾ ഇന്ത്യൻ രാഷ്ട്രീയം ഇന്നലെ വരെ ശുദ്ധമായിരുന്നു എന്ന പൊള്ളയായ വാദമൊന്നും എനിക്കില്ല. കാലാകാലങ്ങളായി രാഷ്ട്രീയക്കാർ എല്ലാവരും അധികാരം പിടിച്ചെടുക്കാൻ അവസരം കിട്ടുമ്പോൾ മൂല്യങ്ങൾക്ക് അവധി കൊടുത്തിട്ടുണ്ട് എന്നത് സത്യം മാത്രമാണ്. എന്നാൽ, ബീഹാറിൽ നിലവിൽ ഉണ്ടായിരുന്ന കൂട്ടുകക്ഷി സർക്കാർ തകർത്ത് നിതീഷ്-ബിജെപി സർക്കാർ ഉണ്ടാക്കിയതും, കർണാടകയിൽ ഭരണകക്ഷി MLA മാരെ രാജി വെപ്പിച്ചതും, ഏറ്റവും അവസാനം ഹരിയാനയിൽ തെരെഞ്ഞെടുപ്പിലെ എതിരാളികളുമായി ചേർന്ന് സർക്കാർ രൂപീകരിച്ചതും ജനാധിപത്യ മൂല്യങ്ങൾക്കും ധാർമ്മികതക്കും എതിര് എന്ന കാരണത്താൽ എതിർക്കുമ്പോഴും ഭരണഘടനയുടെ ലംഘനം എന്ന് പറയാൻ നിർവ്വാഹമില്ലായിരുന്നു.
ഒരു ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥയിൽ പലപ്പോഴും ഒരുകക്ഷിക്കോ മുന്നണിക്കോ കേവല ഭൂരിപക്ഷം കിട്ടാതെ വരുമ്പോൾ തെരെഞ്ഞെടുപ്പിൽ പരസ്പരം മൽസരിച്ച കക്ഷികൾക്ക് തെരെഞ്ഞെടുപ്പിന് ശേഷം കൈകോർത്ത് ഭരണം നടത്തേണ്ടി വരും. അതുകൊണ്ട് തന്നെ ബിജെപിയും NCPയും കൈകോർത്തതിനെയോ അല്ല കോൺഗ്രസ്സ്-NCP-ശിവസേന കക്ഷികൾ ഒരുമിക്കുന്നതിനെയോ ഭരണഘടനാപരമായി തെറ്റെന്ന് വ്യാഖ്യാനിക്കാൻ കഴിയില്ല. അത്തരം അവസരങ്ങളിൽ അധാർമ്മികമെങ്കിൽ പോലും കാലുമാറ്റങ്ങളും സ്വാഭാവികം തന്നെയാണ്. അപ്പോഴെല്ലാം കേന്ദ്രത്തിൽ ഭരണത്തിലുള്ള കക്ഷിക്ക് അവരുടെ നോമിനിയായ ഗവർണറുടെ സഹായവും ലഭിക്കും. ഇതൊന്നും നമുക്ക് നിഷേധിക്കാൻ കഴിയില്ല.
എന്നാൽ ഇത്തരം അസ്വാഭാവികമായ സർക്കാർ രൂപീകരണങ്ങൾ നടക്കുമ്പോൾ കാര്യങ്ങൾ ഭരണഘടനയുടെ ചട്ടക്കൂട്ടിന് ഉള്ളിൽ തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തേണ്ട ചുമതല ഗവർണർ മുതൽ ഉള്ള എല്ലാ ഭരണഘടനാസ്ഥാപനങ്ങൾക്കുമുണ്ട്.
കുളിച്ചില്ലെങ്കിൽ പോലും കൗപീനമെങ്കിലും കഴുകി പുരപ്പുറത്തിട്ട് ജനങ്ങളെ ബോധ്യപ്പെടുത്താൻ അവർ തയ്യാറാവണം. അവരെ നിയമിച്ചത് ആരായാലും ജനങ്ങൾ നൽകുന്ന നികുതിപ്പണത്തിൽ നിന്നും കിട്ടുന്ന ശമ്പളം കൊണ്ടാണ് താനും തന്റെ കുടുബവും ഭക്ഷണം കഴിക്കുന്നത് എന്നെങ്കിലും ഓർക്കണം.
മഹാരാഷ്ട്രയിൽ ഗവർണർ, പ്രധാനമന്ത്രി, പ്രസിഡന്റ്- ഇവരെല്ലാം ചെയ്തത് ഭരണഘടനയെ നോക്കുകുത്തിയാക്കി ഒരു നിയമവിരുദ്ധ സർക്കാർ ഉണ്ടാക്കാൻ കൂട്ടുനിന്നു എന്നതാണ്. NCP യുടെ പിന്തുണ ഇല്ലാതെയാണ് അജിത് പവാറുമായി ഗൂഡാലോചന നടത്തി ഇത്തരമൊരു സർക്കാർ രൂപീകരിച്ചതെന്ന് ഇപ്പോൾ വ്യക്തമായിക്കഴിഞ്ഞു. ഇതിലേക്കായി രാത്രി കാബിനറ്റിന്റെ ശുപാർശ പോലുമില്ലാതെ രാഷ്ട്രപതി ഭരണം പിൻവലിച്ച പ്രസിഡന്റ് തന്റെ പദവിക്ക് ചേർന്ന പ്രവൃത്തിയല്ല ചെയ്തത്. എന്തെങ്കിലുമായി ഈ പ്രവൃത്തിയെ താരതമ്യം ചെയ്യുകയാണ് എങ്കിൽ അത് പണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റിന്റെ നടപടിയുമായി മാത്രമായിരിക്കും. 
ജനങ്ങളെ വെറും വിഡ്ഡികൾ ആയി കാണുന്ന ഒരു ഭരണകൂടത്തിന് മാത്രമേ ഇത്രയും നഗ്നമായ അധികാര ലംഘനം നടത്താൻ കഴിയുകയുള്ളൂ എന്നതിൽ സംശയം അൽപ്പം പോലുമില്ല എന്നിടത്താണ് The Telegraph ന്റെ മുഖ്യ തലക്കെട്ട് പ്രാധാന്യമർഹിക്കുന്നത്. 
ഇനിയും കാണാൻ ബാക്കിയുള്ളത് ഭരണഘടനയെ സംരക്ഷിക്കേണ്ട തങ്ങളുടെ ചുമതല സുപ്രീം കോടതി എങ്ങിനെ നിറവേറ്റുന്നു എന്നത് മാത്രമാണ്. ഉടനെ തീരുമാനമെടുത്ത് നിയമവ്യവസ്ഥയെ സംരക്ഷിക്കുമോ അല്ല തീരുമാനം നീട്ടിക്കൊണ്ടുപോയി കുതിരക്കച്ചവടത്തിലൂടെ ഇല്ലാത്ത ഭൂരിപക്ഷം തട്ടിക്കൂട്ടാൻ ഉളള അവസരം ബിജെപിക്ക് നൽകുമോ എന്ന് കാത്തിരുന്ന് കാണാം.
അതുവരെ We the idiots can only feel sorry for the Indian Constitution!

No comments:

Post a Comment