Wednesday, September 23, 2020

പുസ്തകാസ്വാദനം: Integration of the Indian States (VP മേനോൻ)

തിരുവനന്തപുരത്തെ ശ്രീ പദ്മനാഭക്ഷേത്രത്തിലെ അവകാശത്തർക്കങ്ങളെ കുറിച്ചുള്ള കേസിൽ പഴയ തിരുവിതാംകൂർ രാജകുടുംബത്തിന്റെ ചില അധികാരാവകാശങ്ങൾ അംഗീകരിച്ചു കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലാണ് VP മേനോന്റെ Integration of the Indian States എന്ന പുസ്തകത്തെക്കുറിച്ച് അടുത്ത കാലത്തു വീണ്ടും കേൾക്കാനിടയായതും, വായിക്കണമെന്ന കൗതുകം തോന്നിയതും.


Orient Blackswan എന്ന പ്രസാധകർ 2014 ൽ പ്രസിദ്ധീകരിച്ച (2020 ലെ reprint) പതിപ്പാണ് ആമസോണിലൂടെ ലഭിച്ചത്. പ്രതീക്ഷിക്കാതെ വീണു കിട്ടിയ ഒരു ക്വാറന്റൈൻ കൂടി ആയപ്പോൾ 450 ഓളം പേജുകളുള്ള ഈ ചരിത്ര പുസ്തകം തന്നെ വായിക്കാം എന്ന് തീരുമാനിച്ചു. ചരിത്രത്തിൽ കാര്യമായ താൽപ്പര്യം ഇല്ലാത്തതിനാലും വിഷയം കാലികപ്രസക്തി ഉണ്ടെന്നു തോന്നാത്തതിനാലും വലിയ പ്രതീക്ഷയോടെ ഒന്നുമല്ല വായന തുടങ്ങിയത്. എന്നാൽ, തുടക്കം മുതലേ ഈ പുസ്തകം ഒരു അപസർപ്പക നോവൽ വായിക്കുന്ന അതേ ആകാംക്ഷയും അനുഭൂതിയും വായനയിൽ സമ്മാനിച്ചു എന്ന് പറയാതെ വയ്യ!

സത്യത്തിൽ, നമ്മുടെ ചരിത്ര പാഠങ്ങൾ എന്തുകൊണ്ടോ വേണ്ടത്ര പ്രാധാന്യം നമ്മുടെ രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ ഈ ഒരു ഘട്ടത്തിന് നൽകിയിട്ടില്ല എന്നതാണ് വാസ്തവം. സമകാലീന സംവാദങ്ങളിൽ ഉയർന്നു കേൾക്കുന്ന പല വാദങ്ങളും സ്വാതന്ത്ര്യാനന്തര ഭാരതം നേരിട്ട വിവിധ വെല്ലുവിളികളെക്കുറിച്ചും അന്നു നടന്ന കാര്യങ്ങളെക്കുറിച്ചും നമ്മുടെ സമൂഹത്തിനു വേണ്ടത്ര അവബോധം ഇല്ല എന്ന് തന്നെയാണ് കാണിക്കുന്നത്.

അത് ഇന്നത്തെ മാത്രം കാര്യമല്ല. എന്തിനേറെ പറയുന്നു, 1949 ഒക്ടോബർ 12 ന് ഭരണഘടന നിർമ്മാണ സഭയിൽ നടത്തിയ ഒരു പ്രസംഗത്തിൽ സർദാർ പട്ടേലിന് തന്നെ ഇങ്ങനെ പറയേണ്ടി വന്നു: "മനുഷ്യന്റെ ഓർമ്മ വളരെ ചെറുതാണ് എന്ന് ഒരു പഴഞ്ചൊല്ല് തന്നെയുണ്ട്. ഇന്ന് 1949 ഒക്ടോബറിൽ നാം സമ്മേളിക്കുമ്പോൾ അന്ന് 1947 ആഗസ്റ്റിൽ നാം അഭിമുഖീകരിച്ച പ്രശ്നങ്ങളുടെ വ്യാപ്തി നാം മറന്നിരിക്കും എന്നത് സ്വാഭാവികം മാത്രമാണ്..."

സ്വാതന്ത്ര്യം ലഭിച്ചു രണ്ടു വർഷത്തിനുള്ളിൽ തന്നെ നാം മറന്നു കഴിഞ്ഞ ആ വെല്ലുവിളികളെ ആഴത്തിൽ മനസ്സിലാക്കാനും അതിലൂടെ നമ്മുടെ രാജ്യം ഇന്നും അനുഭവിക്കുന്ന പല പ്രശ്നങ്ങളുടെയും അടിവേരുകൾ കണ്ടെത്താനും നമ്മെ സഹായിക്കുന്നു എന്നതാണ് VP മേനോന്റെ ഈ പുസ്തകം ചെയ്യുന്നത്.

1947 ൽ നമുക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ന് നാം അഭിമാനിക്കുന്ന ഇന്ത്യ എന്ന പ്രദേശത്തിന്റെ സ്ഥിതി എന്തായിരുന്നു? ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പരമാധികാരം (paramountcy) ഇല്ലാതായതോടെ സ്വതന്ത്രമായ 554 രാജ്യങ്ങളും, ഒപ്പം ബ്രിട്ടീഷ് ഇന്ത്യ എന്ന് പേരുള്ള, ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻറെ കീഴിലായിരുന്ന, ഭൂപ്രദേശങ്ങളും. കൂനിന്മേൽ കുരു പോലെ വിഭജനവും പാകിസ്ഥാൻ എന്ന രാജ്യത്തിൻറെ ഉദയവും. 554 രാജാക്കന്മാർക്ക് ഇന്ത്യയിലോ പാകിസ്ഥാനിലോ ലയിക്കാനോ അതുമല്ലെങ്കിൽ സ്വതന്ത്രരാജ്യമായി തുടരാനോ ഉള്ള അവകാശമാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പരമാധികാരം ഇല്ലാതായതോടെ സംജാതമായത്. നമ്മുടെ കൊച്ചു കേരളത്തിൽ പോലും മലബാർ മാത്രമാണ് ഇന്ത്യ എന്ന രാജ്യത്തിൻറെ ഭാഗമായിരുന്നത് എന്നും തിരുവിതാംകൂറും കൊച്ചിയും പരമാധികാരമുള്ള സ്വതന്ത്ര രാജ്യങ്ങൾ ആയിരുന്നു എന്നും ഓർക്കുക.

എന്നാൽ, 1950 ജനുവരി 26 ന് പുതിയ ഭരണഘടന നിലവിൽ വന്നപ്പോഴേക്കും ലോകം മുഴുവൻ അസാധ്യമെന്നു കരുതിയ, ലോകത്തിലെ തന്നെ ഏറ്റവും വലിയ രക്തരഹിത രാജ്യനിർമ്മാണ പ്രക്രിയ പൂർത്തിയാക്കാനും ഇന്ത്യ എന്ന ഈ മഹാരാജ്യം ഇന്നത്തെ നിലയിൽ പടുത്തുയർത്താനും എങ്ങിനെ സാധിച്ചു എന്നതാണ് ഈ മനോഹരമായ പുസ്തകത്തിലൂടെ നമുക്ക് അറിയാൻ കഴിയുന്നത്. ഒപ്പം, നാം വളരെയധികം കേൾക്കുന്ന/ചർച്ച ചെയ്യുന്ന ജമ്മു-കാശ്മീർ പോലുള്ള ചില പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളെ കുറിച്ച് ഉൾക്കാഴ്ച നേടാനും വായനക്കാരന് കഴിയുന്നു.

ഒന്നോർത്തു നോക്കൂ. നൂറ്റാണ്ടുകളായി രാജ്യഭരണം നടത്തി വന്ന രാജകുടുംബങ്ങളെയും പരമാധികാരികളായ രാജാക്കന്മാരെയും ഒന്നുപോലെ സ്വമേധയാ നമ്മുടെ രാജ്യത്തിൽ ലയിക്കാൻ പ്രേരിപ്പിക്കുന്നത് എളുപ്പമുള്ള കാര്യമാണോ? ഇന്ന് വെറും അഞ്ചു വർഷത്തേക്ക് മാത്രം തെരഞ്ഞെടുക്കപ്പെടുന്ന മന്ത്രിമാരും പഞ്ചായത്ത് മെമ്പർമാരും അടക്കം ഗുരുതരമായ സാഹചര്യങ്ങളിൽ പോലും രാജിവെക്കാതെ തങ്ങളുടെ കസേരകളിൽ അള്ളിപ്പിടിച്ചിരിക്കുന്നത് കാണുമ്പോൾ തലമുറകളായുള്ള സർവ്വാധികാരം വിട്ടൊഴിയാൻ രാജാക്കന്മാരെയും നവാബുമാരെയും പ്രേരിപ്പിച്ചത് എന്തൊക്കെ ഘടകങ്ങൾ/ എങ്ങിനെയായിരിയ്ക്കും?

ലോർഡ് മൗണ്ട്ബാറ്റൺ, ജവഹർലാൽ നെഹ്‌റു, സർദാർ പട്ടേൽ, VP മേനോൻ എന്നീ മഹദ് വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ, സാമ, ദാന, ഭേദ, ദണ്ഡങ്ങൾ എല്ലാം തന്നെ പ്രയോഗിച്ചു നേടിയ ഈ അനിതര സാധാരണമായ നേട്ടത്തെക്കുറിച്ചു കൂടുതൽ എഴുതി പുസ്തകം വായിക്കാൻ സാധ്യതയുള്ളവരുടെ രസച്ചരട് പൊട്ടിക്കുന്നില്ല.

വളരെ നല്ല ഒരു വായനാനുഭൂതിയും ഉദാത്തമായ അറിവും ആണ് ഈ പുസ്തകം എന്ന് മാത്രം ഞാൻ ഉറപ്പു തരുന്നു.


 P.S: ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ ഉണ്ടോ എന്നന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പരിഭാഷ ഉണ്ടെങ്കിൽ അറിയുന്നവർ കമ്മന്റ് ചെയ്യുമല്ലോ?   

No comments:

Post a Comment