Tuesday, June 30, 2015

അരുവിക്കരയിലെ കിട്ടാത്ത മുന്തിരി....


അരുവിക്കരയിൽ CPM നു പറ്റിയ പരാജയത്തെ മനസ്സിലാക്കാൻ വൈരുദ്ധ്യാത്മക ഭൌതികവാദമോ താത്വിക വിശകലനമോ ഒന്നും ആവശ്യമില്ല. ആ പാർട്ടിയുടെ കേരളത്തിലെ ഇന്നത്തെ ഏറ്റവും ഉന്നതരായ രണ്ടു നേതാക്കന്മാരുടെ പ്രസ്താവനകൾ (വരികൾക്കിടയിൽ) വായിച്ചാൽ മാത്രം മതി. 

പിണറായി തൻറെ വായ തുറക്കാൻ ഫലം വരുന്നത് വരെ കാത്തിരിന്നു. ഒരു പക്ഷെ, ലോകസഭ തിരഞ്ഞെടുപ്പിലെ പരനാറി പ്രയോഗത്തിന്റെ ഓർമ്മകൾ ആവാം കാരണം. എന്നാൽ അച്യുതാനന്ദൻ എന്ന 'പാർട്ടി വിരുദ്ധനു' ക്ഷമ എന്നൊന്ന് തീരെ ഇല്ലാത്തതിനാൽ അത്ര കാത്തിരിക്കാനൊന്നും വയ്യ. തൻറെ വായിലെ വികട സരസ്വതിയെ അദ്ദേഹം കയറൂരി വിട്ടു, അരുവിക്കരയിൽ. ആറാട്ട് മുണ്ടന്റെയും സരിതയുടെ കിടപ്പറയുടെയും വിവരണങ്ങൾ വോട്ട് നേടാൻ പര്യാപ്തമെന്നു അദ്ദേഹം കരുതിപ്പോയി. 

യാഥാർത്ഥ്യം ബോധ്യപ്പെടാൻ അല്പം സമയമെടുത്തു രണ്ടു പേർക്കും. ഫലം പ്രഖ്യാപിച്ചപ്പോൾ മനസ്സിലായി, നെറികെട്ട ഒരു കൂട്ടം മൂരാച്ചികളെ ആണ് ഇത്രയും ദിവസം വോട്ടിനായി കാലു പിടിച്ചതെന്ന്. അരുവിക്കരക്കാർ ജാതി നോക്കി വോട്ടു ചെയ്യുന്ന, അഴിമതിപ്പണത്തിൽ  പങ്കു പറ്റുന്ന, UDF കൊടുക്കുന്ന കൈക്കൂലി വാങ്ങി കീശയിലിട്ടും മദ്യം വാങ്ങിക്കുടിച്ചും വോട്ടു വില്ക്കുന്ന, മതമേലാളൻമാർ പറയുന്ന കക്ഷിക്ക് വോട്ടു ചെയ്യുന്ന, വിഴിഞ്ഞം പോലുള്ള വൻ അഴിമതിക്ക് വേണ്ടി ഉമ്മൻചാണ്ടിക്ക് കൂട്ട് നിൽക്കുന്ന, വെറും മൂരാച്ചികൾ ആണെന്ന തിരിച്ചറിവ് അല്പം വൈകിപ്പോയി സഖാക്കൾക്ക്!

എന്തൊക്കെ ചെയ്തു ഇവർക്കായി? സായുധ വിപ്ലവത്തിന്റെ തൊട്ടടുത്ത്‌ എന്ന് പറയാവുന്ന അസ്സംബ്ലി വളയൽ സമരം, ഭാരതത്തിന്റെ ഭരണഘടനയെപ്പോലും ചോദ്യം ചെയ്യുന്ന വിധത്തിൽ നടത്തിയില്ലേ? കൊടി സുനിയും കുഞ്ഞനന്തനും പോലുള്ള സഖാക്കൾ ജയിലിൽ കഴിഞ്ഞു ത്യാഗം സഹിക്കുന്നതു ഇവർക്കു വേണ്ടി അല്ലെ? ഏറ്റവും ഒടുവിൽ രണ്ടു സഖാക്കൾ ബോംബു നിർമാണത്തിനിടയിൽ നടന്ന സ്ഫോടനത്തിൽ രക്ത സാക്ഷികൾ ആയതും ഈ വോട്ടർമാരെന്ന മൂരാച്ചികൾക്ക് വേണ്ടി തന്നെ അല്ലെ?  എത്ര ഹർത്താലുകൾ നടത്തി ഇവർക്കു വേണ്ടി? മുഖ്യമന്ത്രിയെ പോലും കല്ലെറിഞ്ഞില്ലേ? ഏതോ ബൂർഷ്വാ കള്ളുമുതലാളി പറഞ്ഞ ഉടനെ തെളിവ് പോലും ഇല്ലാതെ ബാർ അഴിമതി എന്നും പറഞ്ഞു സംസ്ഥാനത്തിന്റെ ബജറ്റ് അവതരണം പോലും തടയാൻ ശ്രമിച്ചതും ആർക്ക് വേണ്ടി ആയിരുന്നു?  നിയമസഭ വരെ തല്ലി തകർത്തു. എന്നിട്ടും എന്തെ ഇവർ ഇങ്ങനെ ആയിപ്പോയി? നന്ദി ഇല്ലാത്ത വർഗം!

ഇനി ഇപ്പോൾ പഞ്ചായത്ത് തെരെഞ്ഞെടുപ്പും നിയമസഭ തെരെഞ്ഞെടുപ്പും ഒക്കെ വരാൻ പോവുന്നു. മൂരാച്ചികൾ അരുവിക്കരയിൽ മാത്രമല്ല, ഈ കേരളം മുഴുവൻ ഇങ്ങിനെതന്നെ. ഇവരൊന്നും ഗുണം പിടിക്കത്തില്ല. നമ്മുടെ പാർട്ടി തോറ്റെന്നു വരും, അത് സാരമില്ല. ബംഗാളിൽ ഇതിലും വലിയ തോൽവി നാം കണ്ടതാണ്. നമ്മൾ കുറേക്കാലം ഭരിച്ചിട്ടും അവിടുത്തെ ജനങ്ങളെ മൂരാച്ചികൾ ആവുന്നതിൽ നിന്നും തടയാൻ കഴിഞ്ഞില്ല. ഇവിടെയോ, UDF-  കാർ ഓരോ അഞ്ചു വർഷം കൂടുന്തോറും അഴിമതിപ്പണവും മദ്യവും നല്കി ഇവിടുത്തെ ജനങ്ങളെക്കൊണ്ട് വോട്ടു ചെയ്യിച്ചു നമ്മുടെ ശ്രമങ്ങൾ എല്ലാം വെറുതെ ആക്കും!  പിന്നെ, ഏക ആശ്വാസം ഓരോ അഞ്ചു വർഷം കഴിയുമ്പോഴും UDF ഈ പരിപാടി മറന്നു പോയിരുന്നു എന്നത് മാത്രം. UDF ന്റെ മദ്യവും പണം കിട്ടാതെ വരുമ്പോൾ ജാതി ചിന്തകളും മതചിന്തകളും മറന്നു ഈ മൂരാച്ചികൾ പ്രബുദ്ധരാവും, അങ്ങിനെ LDF നു വോട്ടു ചെയ്യും. ഇപ്പോൾ പേടി ആ ഉമ്മൻചാണ്ടി മറവി തീരെ ഇല്ലാത്തവൻ ആണെന്നതാണ്. അഴിമതിയിലൂടെ ധാരാളം പണവും ഉണ്ട്. വിഴിഞ്ഞത് മാത്രം 6000 കോടിയിൽ അധികം കീശയിൽ ആക്കിയില്ലേ? ഇതെല്ലം വാരിക്കോരി കൊടുത്തു എല്ലാ മൂരാച്ചികളെക്കൊണ്ടും വോട്ടു ചെയ്യിച്ചു വീണ്ടും UDF തന്നെ അധികാരത്തിൽ വന്നാൽ ഈ മൂരാച്ചികളുടെ കാര്യം എന്താവും എന്നാണ് പേടി!

കൈരളിയുടെ സർവ്വേ പറഞ്ഞു സ്ത്രീകൾ കൂടുതൽ വോട്ടു ചെയ്തത് UDF നാണു എന്ന്. തങ്ങളുടെ ഭർത്താക്കന്മാർക്ക് വൈകുന്നേരം സ്വസ്ഥമായി ഇരുന്നു അല്പം കള്ളു മോന്താനുള്ള സൌകര്യം പോലും ഇല്ലാതാക്കിയ ഇവർക്കു തന്നെ വോട്ടു ചെയ്യണമായിരുന്നോ? ഞങ്ങൾ വന്നാൽ ഈ കേരളം മുഴുവൻ വീണ്ടും ബാർ തുറന്നു തരില്ലായിരുന്നോ? ബിജു രമേശ്‌ പോലും ഞങ്ങളെ വിശ്വസിച്ചു, എന്നിട്ടും ഈ അരുവിക്കരയിലെ പെണ്ണുങ്ങൾ-കഷ്ടം!

അതുകൊണ്ട് അല്പം കടന്ന തെറി തന്നെ വിളിക്കേണ്ടി വന്നാലും ഉടനെ ഈ മൂരാച്ചികളെ പറഞ്ഞു മനസ്സിലാക്കി മാറ്റി എടുത്തേ പറ്റൂ! ചൊല്ലിക്കൊടുതാൽ പഠിക്കാത്തവന് തല്ലികൊടുക്കാനും, പിന്നെ തല്ലിക്കൊല്ലാനും അറിയാഞ്ഞിട്ടല്ല,  ജനാധിപത്യം ആയിപ്പോയില്ലേ! 


അല്ലാതെ വെറുതെ എന്നെ തല്ലണ്ടമ്മാവ, ഞാൻ ഇനി എന്ത് നന്നാവാനാ?!

No comments:

Post a Comment