Wednesday, June 17, 2015

യോഗാദിനവും പയ്യോളി പഞ്ചായത്തും!


ഇന്ന് രാവിലെ എന്റെ ഒരു സുഹൃത്ത്‌ ഒരു ക്ഷണക്കത്ത് എന്നെ ഏല്പിച്ചു. ഞങ്ങളുടെ പയ്യോളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒപ്പ് വച്ച ഒരു കത്ത്! ഏറെ സന്തോഷം തോന്നി. കാരണം, ആദ്യമായാണ് പഞ്ചായത്തിൽ നിന്നും ഒരു ക്ഷണക്കത്ത് കിട്ടുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന പഞ്ചായത്ത്‌ രാജിൽ ഓരോ പൌരന്റെയും പങ്കു പ്രധാനമാണ്. ഗ്രാമസഭ പോലുള്ള പരിപാടികൾ ഉൾക്കൊള്ളിച്ചത്‌ തന്നെ പൗരന്മാരെ, അവരുടെ കാഴ്ചപ്പാടുകളെ ഉൾക്കൊണ്ടു കൊണ്ട് തീരുമാനങ്ങൾ എടുക്കണം എന്ന ഉദ്ദേശ്യത്തോടെ ആണ്. എന്നാൽ ഇന്ന് വരെ ഒരു ഗ്രാമസഭ പോലും നടന്ന വിവരം അറിയാൻ ഭാഗ്യമില്ലാതിരുന്ന ഒരു പൌരൻ ആണ് ഞാൻ. എന്തോ, അത്തരം വലിയ കാര്യങ്ങൾ നടക്കുന്ന വിവരം അറിയിക്കാൻ മാത്രം യോഗ്യരായി ഒരു പക്ഷെ പഞ്ചായത്തും ജനപ്രതിനിധികളും എന്നെപ്പോലുള്ളവരെ കണ്ടിട്ടുണ്ടാവില്ല എന്ന് കരുതി സ്വയം സമാധാനിച്ചു വരികയായിരുന്നു. അത് കൊണ്ട് തന്നെ വലിയ ആകാംഷയോടെ ആണ് കത്ത് തുറന്നത്. 

ആദ്യമേ കണ്ടു, കത്ത് എനിക്കല്ല. ഞങ്ങളുടെ റെസിഡന്റ്സ് അസോസിയേഷൻറെ പ്രസിഡന്റ് എന്ന നിലയിലാണ് ക്ഷണം. അപ്പോൾ കരുതി ഞങ്ങളുടെ പ്രദേശത്തിന്റെ നീറുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനായിരിക്കും എന്ന്! പൊട്ടിപ്പൊളിഞ്ഞ IPC  റോഡും Mini Industry റോഡും മഴ പെയ്തതോടെ റോഡോ തോടോ എന്നറിയാത്ത വിധം തകർന്നിരിക്കുന്നു. ഞങ്ങളുടെ പ്രദേശത്തെ ഒരു സാംസ്കാരിക സംഘടന മുൻകൈ എടുത്തു ഈ പ്രദേശത്ത്   ഒരു Zero Plastic Waste പദ്ധതി നടപ്പാക്കിയിരുന്നു. 300-ഓളം വീട്ടുകാർ കഴുകി ഉണക്കി സൂക്ഷിച്ചു വച്ച പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ recycling plant-ലേക്ക് കയറ്റി അയക്കുന്ന ഒരു പരിപാടി. ഇപ്പോൾ അറിഞ്ഞു, recycling plant നടത്തിപ്പുകാർ ഈ പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ഏറ്റെടുക്കാൻ വിസമ്മതിച്ചുവത്രേ. പഞ്ചായത്ത് മുൻകൈ എടുത്തു കാരാർ ഒപ്പിട്ടാൽ മാത്രമേ അവർ മാലിന്യങ്ങൾ നീക്കം ചെയ്യൂ എന്ന്! (മാലിന്യസംസ്കരണം പഞ്ചായത്തിന്റെ പണി അല്ലെ എന്നൊന്നും ചോദിക്കരുത്!). വർദ്ധിച്ചു വരുന്ന ജനസാന്ദ്രത കണക്കിലെടുത്ത് ഈ പ്രദേശത്ത് ഒരു പരിസ്ഥിതി സൌഹൃദ പൊതുശ്മശാനം വേണ്ടതിന്റെ ആവശ്യകത ഒരു ജനപ്രതിനിധിയെ ധരിപ്പിച്ച കാര്യവും ഓർത്തു.

എന്നാൽ തുടർന്ന് വായിച്ചപ്പോൾ മനസ്സിലായി അത്തരം ചെറിയ ലോക്കൽ പ്രശ്നങ്ങൾ ഒന്നുമല്ല ഈ കത്തിന്റെ വിഷയം എന്ന്! സംഗതി അന്താരാഷ്ട്രവിഷയമാണ്; ലോകാരോഗ്യ സംഘടനയുടെ പരിപാടി ആണ്; എല്ലാവരിലും ആരോഗ്യം വ്യയാമത്തിലൂടെ  എന്ന ആഹ്വാനത്തിന്റെ അനുരണനം ആണ്! ഞങ്ങളുടെ പഞ്ചായത്ത്‌ 5000 പേരെ പങ്കെടുപ്പിച്ചു ലോകയോഗാദിനം ആഘോഷിക്കുന്നു ഈ വരുന്ന ജൂണ്‍ 21-ആം തിയ്യതി. അതും Art of Living Organization എന്ന ശ്രീ ശ്രീ രവിശങ്കരുടെ സംഘടനയുമായി സഹകരിച്ചു!

യോഗയെ എങ്ങിനെ വിറ്റു പണമാക്കം എന്ന വിഷയത്തിൽ ശ്രീ ശ്രീ യെപ്പോലെയും രാംദേവിനെപ്പോലെയും കഴിവ് തെളിയിച്ചവർ വേറെ ഉണ്ടോ എന്ന് സംശയം! യോഗയെ എങ്ങിനെ ഒരു പാർടിക്കും (BJP) ഒരു നേതാവിനും (ശ്രീ നരേന്ദ്ര മോഡി) വേണ്ടി വോട്ടു പിടിക്കാനുള്ള ഉപകരണം ആക്കാം എന്നും തെളിയിച്ചവർ! ആ മോഡി സർക്കാരിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായ യോഗാദിനത്തിന്റെ മഹത്വവൽക്കരണത്തിന് പയ്യോളി പഞ്ചായത്ത് സാധാരണ കാണാത്ത ഉത്സാഹം കാണിക്കുമ്പോൾ അത്ഭുതം തോന്നിപ്പോയി. 

ഇന്ന് രാവിലെ തന്നെയാണ് ശ്രീ പിണറായി വിജയൻ മാർക്സിസ്റ്റ്‌ യോഗ (അല്ല മതേതരമോ എന്ന് തീർച്ചയില്ല) പരിപാടി തുടങ്ങുന്നതിനെക്കുറിച്ച് വായിച്ചത്‌. അങ്ങിനെ നമ്മുടെ മഹത്തായ പൈതൃകത്തിന്റെ ഒരു ഭാഗം കൂടി ഇടുങ്ങിയ രാഷ്ട്രീയവും മതപരവുമായ സ്വാർത്ഥ ലക്ഷ്യങ്ങൾക്ക് വേണ്ടി വിഭജിക്കപ്പെടുമ്പോൾ, അത്ഭുതം എന്നല്ലാതെ എന്ത് പറയാൻ! അതിനു പയ്യോളി പഞ്ചായത്ത്‌, സ്വന്തം ഉത്തരവാദിത്വങ്ങളിൽപ്പോലും കാണിക്കാത്ത അഭൂതപൂർവമായ ഉത്സാഹം കാണിക്കുമ്പോൾ, പ്രത്യേകിച്ചും! 

ഏതായാലും 5000 പേർ പങ്കെടുക്കുന്ന ഈ പരിപാടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.  പരിപാടി മോഡിയുടെയോ ശ്രീ ശ്രീ യുടെയോ, ആരുടേയും ആയിക്കോട്ടെ, എന്തായാലും പഞ്ചായത്ത്‌നമ്മുടെ അല്ലെ! ശ്രീ ശ്രീ യുടെ ആരോഗ്യ വാഗ്ദാനം പണ്ട് മോഡിക്ക് വോട്ടു പിടിക്കാൻ വേണ്ടി അദ്ദേഹം മോഡി ജയിച്ചാൽ 40 രൂപയ്ക്കു ഒരു ഡോളർ കിട്ടും എന്ന് നടത്തിയ പ്രവചനം പോലെ ആവില്ല എന്ന് വിശ്വസിക്കാം!

തിരഞ്ഞെടുപ്പൊക്കെ വരികയല്ലേ, അല്പം യോഗയും മെയ് വഴക്കവും ഒക്കെ നല്ലതാണ് എന്ന് രാഷ്രീയക്കാർ വിചാരിച്ചാൽ കുറ്റം പറയാനും വയ്യ. 

പിന്നെ ഇവിടത്തെ മറ്റുപ്രശ്നങ്ങൾ-  അതൊക്കെ പഞ്ചായത്ത്‌ ചെയ്തു തീർത്താൽ വരുന്ന മുനിസിപ്പാലിറ്റി എന്ത് ചെയ്യും, അല്ലെ? 


P.S. : കഴിഞ്ഞ 31-നു ലോകാരോഗ്യ സംഘടന തന്നെ പുകയില വിരുദ്ധ ദിനം ആഘോഷിച്ചിരുന്നു. പയ്യോളി പഞ്ചായത്തിന്റെ പരിപാടി ഒന്നും കണ്ടതായി ഓർക്കുന്നില്ല.  ഭാവിയിലേക്ക് ഉപകരിക്കാനായി WHO ആഘോഷിക്കുന്ന ആരോഗ്യദിനങ്ങളുടെ ഒരു ലിസ്റ്റ് ഇവിടെ ചേർക്കുന്നു.

·         World TB Day, 24 March
·         World Health Day, 7 April
·         World Immunization Week, last week of April
·         World Malaria Day, 25 April
·         World No Tobacco Day, 31 May
·         World Blood Donor Day, 14 June
·         World Hepatitis Day, 28 July
·         World AIDS Day, 1 December

1 comment: