Wednesday, April 5, 2017

തേൻകെണിയും സാംസ്‌കാരിക നായകത്വവും!

നമ്മുടെ സാംസ്ക്കാരിക നായകന്മാർക്ക് വീണ്ടും പണിയാവുകയാണല്ലോ?

മംഗളത്തിലെ പത്രപ്രവർത്തക, മുൻമന്ത്രി ശശീന്ദ്രന് എതിരെ കേസ് കൊടുത്തു എന്ന് വാർത്ത!

നിരന്തരം വിളിച്ചു, അശ്ലീലം പറയുമായിരുന്നു എന്ന് മൊഴി കൊടുത്തത്രെ. 

എന്തൊരക്രമം ആണിത്?

ഒരു ഇടതുപക്ഷ സഹയാത്രികന്‌ (ഗോവയിൽ BJP സഹയാത്രികൻ ആണെങ്കിൽ കൂടി) അതും ഒരു മന്ത്രിക്കു, ഇവിടെ സ്വകാര്യമായി ഒരു  പത്രപ്രവർത്തകയെ വിളിച്ചു നാല് അശ്ലീലം പറയാൻ കൂടി ഈ മാധ്യമ സിന്ധിക്കേറ്റുകൾ (honey trap എന്ന തേൻകെണിയെ പെൺകെണി എന്ന് പേര്മാറ്റി പെണ്ണിനെ നാണം കെടുത്താൻ സഹായിച്ച മാധ്യമ സുഹൃത്തുക്കളോടുള്ള സ്നേഹാദരങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ) കാരണം കഴിയില്ല എന്ന് വന്നാൽ, എന്ത് കഷ്ടമാണ്?! 

ഇത്തരം കേസുകൾ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിനു തന്നെ ഒരു ഭീഷണിയാണ്! ആര് എപ്പോൾ വിളിച്ചു അശ്ലീലം പറഞ്ഞാലും അതൊക്കെ പുറത്തറിയിക്കാതെ അവരുടെ സ്വകാര്യത സംരക്ഷിക്കേണ്ട ബാധ്യത കേരളത്തിലെ സ്ത്രീകൾക്കില്ലേ? സ്ത്രീത്വത്തെക്കാൾ എത്ര ഉയർന്നതാണ് സ്ത്രീ ലംബടന്മാരുടെ privacy  എന്നെങ്കിലും ഓർക്കേണ്ടേ? 

ഭാര്യയോ കാമുകിയോ ഒന്നുമല്ലാത്ത ഒരു സ്ത്രീയോട് , ഒരു മന്ത്രി, തന്റെ ബന്ധം തികച്ചും professional ആണെന്ന് നന്നായി അറിഞ്ഞിട്ടും,  പുളിച്ച അശ്ലീലം പറഞ്ഞതിനെ ന്യായീകരിക്കുകയും ആ വിവരം പുറത്തു വിട്ടതിനെ അപലപിക്കുകയും ചെയ്ത ക്ഷീണം മാറി വരുന്നതേ ഉള്ളു. ഇനിയിപ്പോൾ നമ്മുടെ സാംസ്‌കാരിക നായകന്മാർക്ക് കേസ് കൊടുത്ത സ്ത്രീയെ താറടിക്കേണ്ട ചുമതല കൂടി ഏറ്റെടുക്കേണ്ടി വരുമോ? ഈ സംസ്കാരം, പ്രത്യേകിച്ച് നായകത്വം, വല്ലാത്ത ബുദ്ധിമുട്ടുതന്നെ!

കലികാലം എന്നല്ലാതെ എന്ത് പറയാൻ!

No comments:

Post a Comment