Saturday, April 8, 2017

അക്കരപ്പച്ച


അധികാരം ഒരു സുഖമുള്ള കാര്യം തന്നെ; എന്നാൽ
ചില അസൗകര്യങ്ങളും ഇല്ലാതില്ല!
അധികാരത്തിനു വേണ്ടി എന്തൊക്കെ ത്യാഗങ്ങൾ വേണമെന്ന് നിങ്ങൾക്കറിയാമോ? 
സ്വന്തം മനഃസാക്ഷിയെപ്പോലും ശത്രുവാക്കേണ്ട അവസ്ഥ!

തെറ്റായതിനെ ന്യായീകരിക്കാനും, ചുരുങ്ങിയത് കണ്ടില്ലെന്നു നടിക്കാനെങ്കിലും, എളുപ്പം ആണെന്ന് കരുതിയോ? 
അങ്ങ് ദൂരെ സിറിയയിലും സ്റ്റോക്‌ഹോമിലും ഒക്കെ ഭീകരത പ്രത്യക്ഷപ്പെട്ടാൽ നിന്ദിക്കാൻ എന്തെളുപ്പം!
എന്നുവെച്ചു, ഇങ്ങു രാജസ്ഥാനിലും ചത്തിസ്‌ഗഡിലും പശുവിന്റെയോ പ്രേമത്തിന്റെയോ ഒക്കെ  പേരിൽ പാവങ്ങളെ തല്ലിക്കൊല്ലുന്ന ഭീകരത നടമാടുമ്പോൾ അതിനെയും എതിർക്കണം എന്ന് പറഞ്ഞാൽ?

മറ്റാരെങ്കിലും ഭരിക്കുമ്പോൾ RTI യും ലോക് പാലും ഒക്കെ എത്ര സുന്ദരമായ ആശയങ്ങൾ!
എന്നാൽ നാം സ്വയം അധികാരത്തിൽ എത്തുമ്പോൾ അതൊക്കെ നടപ്പിലാക്കി സ്വയം കുഴി തോണ്ടണം എന്ന് ശഠിച്ചാൽ?

അധികാരമില്ലാത്തപ്പോൾ എന്തിനെക്കുറിച്ചും വാചാലമാവാം
അധികാരമുള്ളപ്പോൾ, പലതും കാണാതെ നടിക്കണം.

അധികാരമില്ലാത്ത ബംഗാളിലെ രാഷ്ട്രീയക്കൊലകളെ ജനാധിപത്യത്തിന്റെ കശാപ്പായി കാണാൻ ഒരു വിഷമവും ഇല്ല
എന്നാൽ, സ്വയം ഭരിക്കുന്ന കേരളത്തിൽ പാർട്ടി നടത്തുന്ന കൊലകളെ ന്യായീകരിക്കാൻ എന്തൊക്കെ സർക്കസ്സുകൾ കളിക്കണം!

ഇറോം ശർമിളയുടെ നിരാഹാരം വാഴ്ത്തപ്പെടേണ്ടത് തന്നെ.
ഒപ്പം മഹിജയുടെയും അവിഷ്ണയുടെയും നിരാഹാരത്തെ ഇകഴ്‌ത്തേണ്ട വൈരുദ്ധ്യാത്മക ഉത്തരവാദിത്തത്തെക്കുറിച്ചു ആർക്കെന്തറിയാം!

പ്രതിപക്ഷത്തിരിക്കുമ്പോൾ പോലീസിനെ അക്രമിക്കാം, കേരളം കത്തിക്കുമെന്ന് ഭീഷണി മുഴക്കാം, 
സെക്രട്ടറിയേറ്റ് വളയാം,  മുഖ്യമന്ത്രിയെ വരെ കല്ലെറിയാം.. 
എന്നുവെച്ചു, ഭരണത്തിലിരിക്കുമ്പോൾ സമരങ്ങളെ സഹാനുഭൂതിയോടെ കാണണം എന്ന് പറഞ്ഞാൽ? 

പൊന്നിൻ സൂചികൾ മറ്റുള്ളവരുടെ കണ്ണിൽ കുത്താൻ മാത്രം ഉള്ളതാണ് എന്നെങ്കിലും....

JNU വിലെയും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെയും അധികാരികളുടെ ഭീകരതയെക്കുറിച്ചു വാചാലമാവാൻ എന്തെളുപ്പം!
എന്നുവെച്ചു ലോ അക്കാഡമിയിലും നെഹ്‌റു കോളേജിലും അത് തന്നെ പറയാൻ പറ്റുമോ?!

മനഃസാക്ഷിയെ കൂട്ടിലടച്ച തത്തയാക്കിവെച്ച്, അധികാരത്തിന്റെ കഴുകന്മാരെ യദേഷ്ടം വിഹരിക്കാൻ വിടുമ്പോൾ 
കാണുന്നവർക്കു തോന്നും........ അക്കരപ്പച്ച!

No comments:

Post a Comment