Sunday, April 23, 2017

അട്ടയെപ്പിടിച്ചു മെത്തയിൽ കിടത്തിയാൽ...

അങ്ങിനെ അയാൾ ഒരു ദിവസം രാജാവായി. എങ്ങിനെ ആയി എന്നത് കഥയുടെ ഭാഗമല്ല. 

തന്റെ മന്ത്രിഗണങ്ങളുമായി സസുഖം വാഴാം എന്ന് കരുതിയിരുന്നപ്പോഴാണ് ഇടിവെട്ടിയ പോലെ ഒരു അഴിമതിക്കഥ പുറത്തു വന്നതും പ്രധാനപ്പെട്ട ഒരു മന്ത്രിയെ തന്നെ പുറത്താക്കേണ്ടി വന്നതും. പാവം മന്ത്രി.. തന്റെ ഒരു ഭാഗിനേയനെ ചെറിയ ഒരു ജോലിക്കു നിയമിച്ചതായിരുന്നു കുറ്റം! പക്ഷെ പറഞ്ഞു പറഞ്ഞു ആ പരിഷകൾ അത് വലിയ ഒരു പ്രശ്നമാക്കി. ഒടുവിൽ അതിശക്തനെന്നു സ്വയം വിശ്വസിച്ച രാജാവിന് പോലും പ്രജകളുടെ കോപത്തിന് മുൻപിൽ അടിയറവു പറയേണ്ടി വന്നു. 

അടിയറവു പറയേണ്ടി വന്നെങ്കിലും രാജാവിന്റെ കോപം മാത്രം ശമിച്ചില്ല.  
എല്ലാ പരിഷകളെയും ഒരു പാഠം പഠിപ്പിക്കേണ്ടതിന്റെയും ആരാണ് രാജാവെന്നു ഓര്മിപ്പിക്കേണ്ടതിന്റെയും ആവശ്യകത ഓതിക്കൊടുത്തത് ഒന്നും രണ്ടും ഉപദേശകരല്ലല്ലോ, മറിച്ചു ഒരു വലിയ സ്തുതിപാഠക സംഘം തന്നെ ആയിരുന്നല്ലോ. പോരാതെ, ക്ഷമിക്കുന്നതു ശക്തർക്കു ചേർന്നതുമല്ല!

അവസാനം രാജാവ് അതിനൊരു വഴി കണ്ടെത്തി. പണ്ട് തൻ സിംഹാസനം പിടിച്ചെടുക്കാൻ യുദ്ധം ചെയ്തു കൊണ്ടിരുന്നപ്പോൾ തന്റെ എതിരാളിയായ മൂത്ത സഹോദരന്റെ ചോര ഊറ്റിക്കുടിച്ച ഒരു അട്ടയെ ആണ് അതിനായി അദ്ദേഹം കണ്ടെത്തിയത്. 

ആ അട്ടയെ പിടിച്ചു അദ്ദേഹം തന്റെ മന്ത്രിയാക്കി. എന്നിട്ടും പോരാതെ,  തന്റെ രാജകീയ മെത്തയിൽ തന്നെ കിടത്തി! 

തന്നോടൊപ്പം നിൽക്കുന്നവരെയും (ഇക്കാലത്തു ആരെയും വിശ്വസിക്കാൻ കൊള്ളില്ല) എതിരാളികളെയും ഒരു പോലെ ഞെട്ടിച്ച സംഭവം! അട്ടയുടെ പേരിൽ, ചോര ഊറ്റി കൊലചെയ്ത കുറ്റം പോലും ആരോപിക്കപ്പെട്ടിട്ടുണ്ട് എന്നത് ഇരട്ടി മധുരം പോലെ ആയി. അല്ലെങ്കിലും പാവം അട്ട... 1..2...3... വരെയേ എത്തിയുള്ളു. 51 പോലും തികയ്ക്കാൻ കഴിയാത്ത പാവം അട്ടയെ ആണ് അവരൊക്കെ ചേർന്ന്...!

അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ പക്ഷെ അട്ട ആട്ടയല്ലാതാവില്ലല്ലോ?

അന്തഃപ്പുരവാസികളെ തന്നെ അത് ഇടയ്ക്കിടയ്ക്ക് ഒന്ന് കടിക്കും.അല്പം രക്തം ഊറ്റിക്കുടിക്കും.  മന്ത്രിയാണെന്നും കിടക്കുന്നതു രാജകീയ മെത്തയിലാണെന്നും മറന്നുപോവുന്നതു സ്വാഭാവികം മാത്രം!

അനുഭവിക്കട്ടെ. പാവം മാതുല മന്ത്രിയെ പുകച്ചു ചാടിച്ച പ്രജകൾ ശരിക്കും അനുഭവിക്കട്ടെ. ഈ അട്ടയെ പുകച്ചു ചാടിച്ചാൽ ഇതിലും വലിയ നികൃഷ്‌ടജീവികളെ ഇനിയും കൊണ്ടുവരും. അതിനു വേണ്ടി ഇനി ബിഷപ്പ്മാരുടെ അരമന വരെ തേടിപ്പോവേണ്ടി വന്നാൽ പോലും. പണ്ടത്തെപ്പോലെ അല്ല. ഇപ്പോൾ അരിവാളല്ല, മറിച്ചു കുരിശാണ് പ്രതീക്ഷയുടെ അടയാളം!

ഒന്ന് മാത്രം മതി. ആരും ഈ രാജാവിനെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടരുത്! 

ഇനി ആരെങ്കിലും ധൈര്യപ്പെട്ടാൽ തന്നെ അവരെ ഏതെങ്കിലും ഗൂഡാലോചന കുറ്റം ചുമത്തി പൂജപ്പുരയിലോ, തലയ്ക്കു സുഖമില്ലെന്നു വരുത്തി ഊളംപാറയിലോ അയച്ചേക്കണം.. അല്ല പിന്നെ! 


P.S.: എന്റെ ഭാവനയിൽ പിറന്ന ഈ കലാസൃഷ്ഠിക്കു ജീവിതത്തിലെ ഏതെങ്കിലും സംഭവവുമായോ വ്യക്തികളുമായോ സാമ്യം തോന്നുന്നത് സ്വാഭാവികം മാത്രം. അതിനു ഇനി എന്നെ പൂജപ്പുരയ്ക്കോ ഊളംപാറയ്ക്കോ അയക്കാനൊന്നും മിനക്കെടേണ്ട. 

No comments:

Post a Comment