Monday, March 30, 2020

ചില ലോക്ക്ഡൗൺ ചിന്തകൾ

21 ദിവസത്തെ ലോക്ക്ഡൗൺ പുരോഗമിക്കുകയാണ്. ചെറിയ ചെറിയ കല്ലുകടികൾ ഒഴിച്ചു നിർത്തിയാൽ ഒരു വിധം ഭംഗിയായി തന്നെ മുന്നോട്ട് പോവുന്നുണ്ട് ഈ അടച്ചു പൂട്ടൽ.

21 ദിവസത്തെ നഷ്ടം മാത്രം 7 ലക്ഷം കോടിയോളം വരുമെന്ന് ചില കണക്കുകൾ കണ്ടു. എന്റെ അനുമാനത്തിൽ യഥാർത്ഥനഷ്ടം ഇതിലും എത്രയോ കൂടാനാണ് ഇന്ത്യയെ പോലുള്ള, അസംഘടിത മേഖല വളരെ കൂടുതലുള്ള, ഒരു രാജ്യത്ത് സാധ്യത.

ഒരു മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാൻ നമുക്ക് സാധിച്ചാൽ ഈ കോടികൾ ഒന്നും നഷ്ടമായി കണക്കാക്കേണ്ട കാര്യമില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. ജീവനില്ലാതെ വന്നാൽ കോടികൾ ശവശരീരത്തിൽ പുതപ്പിക്കാൻ മാത്രമുള്ളതാണ് എന്ന പരമമായ സത്യം നമുക്കെല്ലാം അറിയുന്നതല്ലേ?

എന്നാൽ കൊറോണയെ ഇല്ലാതാക്കാൻ നമുക്ക് കഴിഞ്ഞില്ല എങ്കിൽ ഈ നഷ്ടങ്ങൾ എല്ലാം സഹിക്കുന്നത് വെറും വെള്ളത്തിൽ വരച്ച ജലരേഖകൾ പോലെയാവും.

21 ദിവസത്തിന് ശേഷം ലോക്ക്ഡൗൺ നീട്ടില്ല എന്നാണ് കേന്ദ്രസർക്കാരിന്റെ നിലവിലെ പ്രഖ്യാപിത നയം. എന്നാൽ ഇപ്പോഴും രോഗികളുടെയും നീരീക്ഷണത്തിൽ ഉള്ളവരുടെയും എണ്ണത്തിൽ വർദ്ധനവ് തന്നെയാണ് കാണുന്നതും.

ഇങ്ങനെ പോയാൽ ലോക്ക്ഡൗൺ കഴിയുമ്പോഴും വൈറസ് വാഹകരായി ധാരാളം പേർ (ഒരു പക്ഷേ ഞാനും നിങ്ങളുമടക്കം) നമ്മുടെ സമൂഹത്തിൽ ഉണ്ടാവും. അത് തടയാനുള്ള ഏകമാർഗ്ഗം അൽപമെങ്കിലും സംശയമുള്ള എല്ലാവരേയും ടെസ്റ്റ് ചെയ്ത് വൈറസ് ബാധ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുകയും ഉള്ളവരെ ഭേദമാവുന്നതുവരെ സമൂഹത്തിൽ നിന്നും മാറ്റിനിർത്തുകയും ചെയ്യുക എന്നതു മാത്രമാണ്. എക്കാലത്തേക്കും രാജ്യം അടച്ചിടുക എന്നത് നടപ്പിലാക്കാൻ പറ്റുന്ന കാര്യമല്ലല്ലോ!

ഇവിടെയാണ് വ്യാപകമായി ടെസ്റ്റിങ്ങ് നടത്തേണ്ട ആവശ്യകത ഉയരുന്നത്. ഇന്ത്യയിൽ ഇപ്പോഴും ശരിയായ ടെസ്റ്റിങ്ങ് വളരെ കുറവാണ്. ഇന്നലെ (30/03/2020) വരെയുള്ള കണക്കുകൾ ഇങ്ങനെയാണ്:

COVID Tests per million population

🇰🇷 Korea : 7622
🇮🇹 Italy : 7122
🇩🇪 Germany : 5812
🇺🇲 US : 2732
🇬🇧 UK : 1891
🇱🇰 Sri Lanka : 97
🇵🇰 Pakistan : 67
🇮🇳 India : 29

ഇന്ത്യ ഇതുവരെ 38442 ടെസ്റ്റുകൾ മാത്രമാണ് ചെയ്തത് എന്നറിയുമ്പോഴാണ് നാമിരിക്കുന്നത് ഒരു ടൈംബോംബിന്റെ മുകളിലാണ് എന്ന് മനസ്സിലാവുക.

എത്രയും പെട്ടെന്ന് റാപ്പിഡ് ടെസ്റ്റുകൾ കൂടുതലായി നടപ്പിലാക്കാൻ വിവിധ സർക്കാരുകൾ തയ്യാറാവട്ടെ എന്ന് ആശിക്കാം!



P.S: തെർമ്മൽ സ്കാനർ ഉപയോഗിച്ചുള്ള സ്ക്രീനിങ്ങ് ഗുണത്തേക്കാളേറെ ദോഷം ചെയ്തിട്ടുണ്ടാവാം എന്നാണ് എന്റെ ഭയം. സ്ക്രീനിങ്ങ് കഴിഞ്ഞ ഒരു വ്യക്തിക്ക് തനിക്ക് അസുഖബാധ ഇല്ല എന്ന ഒരു തെറ്റായ ബോധം ഒരു പക്ഷേ ഉണ്ടായിരിക്കാമെന്നും അതിലൂടെ തന്റെ കുടുംബവുമായും മറ്റും കുറച്ചുകൂടെ സ്വാതന്ത്ര്യത്തോടെ ഇടപഴകാൻ ഇടയായിട്ടുമുണ്ടാവാം എന്ന ഭയം!

No comments:

Post a Comment