Thursday, March 12, 2020

SBI മിനിമം ബാലൻസ് നിർത്തലാക്കുന്നു- എന്തായിരിക്കാം ഈ തീരുമാനത്തിന് പിന്നിൽ?

ഇന്നത്തെ പത്രത്തിൽ കണ്ട ഒരു വാർത്ത SBI തങ്ങളുടെ സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് എടുത്തുകളഞ്ഞു എന്നും അതേ സമയം പലിശ നിരക്ക് വെറും മൂന്നു ശതമാനമായി കുറച്ചു എന്നുമാണ്. റിപ്പോർട്ടിൽ പറഞ്ഞ കാരണം കൂടുതൽ ആളുകളിലേക്ക് ബാങ്കിങ് സേവനം എത്തിക്കാൻ വേണ്ടിയാണു SBI ഇങ്ങനെ ചെയ്യുന്നത് എന്നാണ്.
എന്നാൽ ആ പറഞ്ഞ കാരണം അത്ര വേഗത്തിൽ ദഹിക്കില്ല. 'ആയിരം എലികളെ കൊന്നു തിന്ന ശേഷം പൂച്ച ഹജ്ജിനു പോവുന്നു' എന്നൊരു ചൊല്ല് ഹിന്ദിയിൽ ഉള്ളത് പോലെ, പാവങ്ങളെ മിനിമം ബാലൻസിന്റെ പേരിൽ കോടിക്കണക്കിനു രൂപ കൊള്ളയടിച്ച ശേഷം ഒരു സുപ്രഭാതത്തിൽ ബാങ്കിന് മനം മാറ്റം ഉണ്ടായി എന്ന് വിശ്വസിക്കുക എന്നത് സാമാന്യ ബുദ്ധിക്കു നിരക്കുന്നതല്ല.
പിന്നെ എന്താവും കാരണം? അതറിയാൻ ശ്രമിച്ചപ്പോഴാണ് ചില കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടത് (Thanks to Twitter exchanges). ഒന്നാമതായി, ഈ നടപ്പു സാമ്പത്തിക വർഷത്തിൽ ഡിസംബർ വരെ ഉപഭോക്താക്കളിൽ നിന്നും ഡെപ്പോസിറ്റ് ആയി SBI സമാഹരിച്ചത് 1,99,843 കോടി രൂപയാത്രേ. അതേ കാലയളവിൽ ബാങ്കിന് കൊടുക്കാൻ കഴിഞ്ഞ ലോണുകൾ വെറും 14,040 കോടി രൂപയും. അതായത്, കിട്ടിയ ഡെപോസിറ്റിന്റെ വെറും 7% മാത്രമാണ് ലോൺ ആയി കൊടുക്കാൻ പറ്റിയത്.
ഇത് കൊണ്ട് എന്താണ് സംഭവിക്കുക എന്ന് ചിന്തിച്ചു നോക്കൂ. മിനിമം ബാലൻസ് സൂക്ഷിക്കാനും അതിലൂടെ പെനാൽറ്റി ഒഴിവാക്കാനും നമ്മൾ കുറച്ചു രൂപ എന്തായാലും അക്കൗണ്ടിൽ സൂക്ഷിക്കും. അതിനു ബാങ്ക് പലിശ തരണം. എന്നാൽ, ആ തുക ലോണായി കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ബാങ്കിന് പലിശ കിട്ടുകയും ഇല്ല. അതായത്, ബാങ്ക് നഷ്ടത്തിലാവും എന്ന്. ഇതിനുള്ള പരിഹാരം രണ്ടാണ്. ഒന്ന്, കൂടുതൽ ലോണുകൾ പാസ്സാക്കി കൊടുക്കുക. പക്ഷെ, നരേന്ദ്രമോദിയുടെ ഭരണത്തിൽ ആർക്കും ലോൺ വേണ്ട! പുതിയ വ്യവസായങ്ങളോ നിവേശങ്ങളോ തുടങ്ങാൻ ആരും തയ്യാറില്ല. അപ്പോൾ പണം ബാങ്കുകളിൽ കെട്ടിക്കിടക്കുകയെ ഉള്ളൂ.
രണ്ടാമത്തെ പരിഹാരം ഡെപ്പോസിറ്റ് കുറക്കുക എന്നതാണ്. അത് സാധ്യമാവാൻ ഉപഭോക്താക്കളെ എത്ര പണം വേണമെങ്കിലും പിൻവലിക്കാൻ അനുവദിക്കണം. ഇനി പണം ആവശ്യമില്ലാത്തവരും അത് ബാങ്കിൽ ഇട്ടാൽ വെറും മൂന്നു ശതമാനം പലിശയേ കിട്ടുള്ളൂ എന്നാവുമ്പോൾ അതെടുത്തു വേറെ വല്ല ആവശ്യവും നിറവേറ്റും. അതിലൂടെ ബാങ്കിന്റെ ബാധ്യതയും കുറയും.
ഇന്ത്യയെപ്പോലെ ഒരു സാമ്പത്തികരംഗത്തു വളർച്ച ഉറപ്പു വരുത്തുന്നതിൽ കുടുംബങ്ങളുടെ മിച്ചം പിടിക്കൽ എത്രമാത്രം പ്രാധാന്യമുള്ളതാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ? എന്നാൽ ഇവിടെ നടക്കുന്നത് കുടുംബങ്ങളെ സേവിങ്സ് എന്ന സ്വഭാവത്തിൽ നിന്നും അകറ്റുക എന്ന നയമാണ്.
മിനിമം ബാലൻസ് പെനാൽറ്റി എന്നത് പാവപ്പെട്ടവർക്ക് എതിരായ, തികച്ചും തെറ്റായ ഒരു നയം തന്നെയായിരുന്നു എന്നതിൽ സംശയമില്ല. അത് എത്രയോ മുമ്പേ എടുത്തു കളയേണ്ടതും ആയിരുന്നു. എന്നാൽ ഇപ്പോൾ അത് എടുത്തു കളയുന്നത് ആ പാവപ്പെട്ടവരെ നന്നാക്കാനല്ല, മറിച്ചു ബാങ്കിന്റെ സ്വയരക്ഷക്കാണ് എന്ന് മാത്രം. നമ്മുടെ സാമ്പത്തിക രംഗം അത്യന്തം ഗുരുതരമായ ഒരു ഘട്ടത്തിലേക്കാണ് കടക്കുന്നത് എന്നതിന്റെ മറ്റൊരു ദൃഷ്ടാന്തം തന്നെയാണ് ബാങ്കിന്റെ ഈ തീരുമാനവും.

No comments:

Post a Comment